‘ഓഖി’ 544 പേരെക്കൂടി രക്ഷപ്പെടുത്തി; 92 പേരെക്കൂടി ഇനിയും കണ്ടെത്താന്‍ ബാക്കി

ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കുടുങ്ങിയ 544 പേരെക്കൂടി രക്ഷപ്പെടുത്തി. 92 പേരെക്കൂടി ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗികവിവരം. കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച നാലുമൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. പൂന്തുറ സ്വദേശികളായ ലാസര്‍, ആരോഗ്യദാസ്, സേവ്യര്‍ ലൂയിസ്, ക്രിസ്റ്റി എന്നിവരുടെ മൃതദേഹങ്ങളാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.
വിഴിഞ്ഞം സ്വദേശി വിക്ടര്‍ (37), ആര്യങ്കാവ് സ്വദേശി രാജീവ്, വിശ്വനാഥന്‍ (പുനലൂര്‍), കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് വില്ലേജിലെ സുനില്‍കുമാര്‍ (30), കണ്ണൂര്‍ തയ്യില്‍ സ്വദേശി പവിത്രന്‍ (55), എറണാകുളം ചെല്ലാനം സ്വദേശികളായ റെക്സണ്‍, ട്രീസാമ്മ, കന്യാകുമാരി സ്വദേശി സുബ്ബയ്യ, എന്നിവരുടെ മൃതദേഹവവും തിരിച്ചറിഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് 11 പേരുടെയും കൊല്ലത്ത് ഒരാളുടെയും മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്. തിരിച്ചറിയാനുള്ള മൃതദേഹങ്ങളുടെ ഡി. എന്‍.എ., വിരലടയാള പരിശോധനാനടപടികള്‍ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടത്തും. കാണാതായവരുടെ ബന്ധുക്കളുടെ ഡി.എന്‍.എ. പരിശോധനയും നടത്തും.
41 പേര്‍ ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ചികിത്സയിലുണ്ട്. 25.78 കോടിയുടെ നഷ്ടമാണ് റവന്യൂ വകുപ്പ് കണക്കാക്കിയിട്ടുള്ളത്. 74 വീടുകള്‍ പൂര്‍ണമായും 1,122 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 1231.73 ഹെക്ടറിലെ കൃഷി നശിച്ചു. 34 ദുരിതാശ്വാസക്യാമ്പുകളിലായി 1445 പേര്‍ ഇപ്പോഴും കഴിയുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.