നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു. കഴിഞ്ഞ നവംബർ 22 ന് സമർപ്പിച്ച കുറ്റപത്രമാണ് അങ്കമാലി കോടതി സ്വീകരിച്ചത്. ഫയലിൽ സ്വീകരിച്ച കുറ്റപത്രത്തിന്റെ പകർപ്പ് പ്രതികൾക്ക് നൽകും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.
മൊത്തം 12 പ്രതികളുള്ള കുറ്റപത്രത്തില്‍ ദിലീപ് എട്ടാം പ്രതിയാണ്. 450 ഓളം രേഖകളും 355 സാക്ഷികളുമാണ് കേസിലുള്ളത്. ചലച്ചിത്ര മേഖലയില്‍ നിന്ന് മാത്രം 55 സാക്ഷികളുണ്ട്. മഞ്ജു വാര്യര്‍ പ്രധാന സാക്ഷിയാണ്.
ഏഴു പേരെ പ്രതികളാക്കി ആക്രമണക്കേസില്‍ നേരത്തേ കുറ്റപത്രം നല്‍കിയതിനാല്‍ അനുബന്ധമായാണ് ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. പള്‍സര്‍ സുനിക്ക് ജയിലില്‍ ഫോണ്‍ എത്തിച്ചു നല്‍കിയ മേസ്തിരി സുനില്‍, പള്‍സര്‍ സുനിയുടെ കത്ത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് എത്തിച്ച വിഷ്ണു, തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്നതായി കണ്ടെത്തിയ അഡ്വ.പ്രതീഷ് ചാക്കോ, സഹായി അഡ്വ.രാജു ജോസഫ് എന്നിവരാണ് 9 മുതല്‍ 12 വരെയുള്ള പ്രതികള്‍. പുതിയ കുറ്റപത്രത്തിലാണ് ഇവരുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്തത്.
സുനിക്ക് കത്തെഴുതി നല്‍കിയ വിപിന്‍ ലാലും എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ അനീഷും മാപ്പുസാക്ഷികളാകും. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി ജൂലൈ പത്തിനാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു.