ഓഖിക്ക് ‘മുത്തച്ഛനു’ണ്ടായിരുന്നു, 76 വര്‍ഷം മുമ്പ്, അന്ന് കവര്‍ന്നത് 62 ജീവന്‍

ഓഖിക്ക് ഇനി പിന്‍ഗാമി ഉണ്ടാകരുതെന്ന് കേരളക്കര പ്രാര്‍ത്ഥിക്കുമ്പോള്‍ അതിന് മുന്‍ഗാമി ഉണ്ടായിട്ടുണ്ടോയെന്ന് ആലോചിച്ചിട്ടുണ്ടോ? മലയാളക്കരയെ ഒരാഴ്ചയായി കണ്ണീരു കുടിപ്പിച്ചുകൊണ്ടിരിക്കുന്ന ഓഖിയെ പോലെ മറ്റൊരു ചുഴലിക്കാറ്റ് മുന്‍പ് ഉണ്ടായിട്ടുണ്ട്. എപ്പോഴായിരുന്നു ഓഖിയുടെ മുത്തച്ഛന്‍ കേരളത്തില്‍ വീശിയടിച്ചിട്ടുണ്ടാകുക? എന്തെന്ത് നാശനഷ്ടങ്ങളായിരിക്കും അന്ന് ഉണ്ടായിട്ടുണ്ടാകുക?
ഓഖിയുടെ മുന്‍ഗാമിയെന്നോ മുതുമുത്തച്ഛനെന്നോ വിശേഷിപ്പിക്കാവുന്ന ചുഴലിക്കാറ്റിനെ കേരളം കണ്ടത് 1941ല്‍ ആണ്. കൃത്യമായി പറഞ്ഞാല്‍ കൊല്ലവര്‍ഷം 1116 ഇടവം 13 ന്.
ഓഖിയേക്കാള്‍ ദുരന്തം വിതച്ച കാറ്റ് അന്ന് കേരളത്തില്‍ നിന്ന് കവര്‍ന്നത് 62 ജീവന്‍. അരലക്ഷം വീടുകള്‍ തകര്‍ന്നു. പറഞ്ഞറിയിക്കാനാവാത്തത്ര നാശനഷ്ടങ്ങളുമുണ്ടായി. കൊച്ചിന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ രേഖകളിലും നിയമസഭാ രേഖകളിലും ചുഴലിക്കാറ്റുകൊണ്ടുണ്ടായ നഷ്ടത്തെക്കുറിച്ചു സൂചനകളുണ്ട്. ട്രാവന്‍കൂര്‍ ശ്രീമൂലം അസംബ്ലിയില്‍ നടന്ന ചര്‍ച്ചയില്‍ ചെറുതുരുത്തിയില്‍നിന്നുള്ള അംഗം കെ.കുഞ്ഞിരാമമേനോന്‍് ചുഴലിക്കാറ്റിന്റെ നാശനഷ്ടങ്ങളെ സംബന്ധിച്ച് ചോദിച്ചിട്ടുണ്ട്. കൊല്ല്‌പ്പെട്ടവരുടെ എണ്ണം എത്രയാണെന്ന് രാമചന്ദ്ര അയ്യരും അസംബ്ലിയില്‍ ചോദിച്ചിട്ടുണ്ട്. 62 പേര്‍ക്ക് മരണം വിധിച്ച ദുരന്തം ഏറ്റവുമധികം നാശനഷ്ടം വിതച്ചത് തൃശൂര്‍ താലൂക്കിലാണ്.
കഴിഞ്ഞ ദിവസം കേരളത്തില്‍ ചുഴലിക്കാറ്റ് വിതച്ച ദുരിതത്തില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.വിവിധ സേനകളും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് എഴുപതോളം പേരെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു രക്ഷപെടുത്തി. കടലില്‍ പോയെ 96ാഓളം മത്സ്യതൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍.
കേരളത്തില്‍ വലിയ മഴയുണ്ടായത് മലയാളവര്‍ഷം 1099ലാണ്. ‘തൊണ്ണൂറ്റി ഒന്‍പതിലെ വെള്ളപ്പൊക്കമെന്നാണ് ഇത് അറിയപ്പെടുന്നത്. 1924 ജൂലായിലുണ്ടായ കനത്ത മഴയില്‍ കേരളത്തിലെ താണ പ്രദേശങ്ങള്‍ എല്ലാം അന്ന് വെള്ളത്തിനടിയിലായിരുന്നു.