‘ഭാവിയില്‍ മത്സ്യത്തൊഴിലാളികളുടെ വിവരങ്ങള്‍ ക്രോഡീകരിക്കും’; ‘ഓഖി’ ദുരന്തത്തെ കുറിച്ച് മുന്‍കൂട്ടി അറിയിപ്പ് ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി

ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച സാഹചര്യത്തില്‍ വിമര്‍ശനങ്ങള്‍ക്കിടയിലും കൂടുതല്‍ ദുരിതാശ്വാസ അനുബന്ധപദ്ധതികളുമായി കേരളസര്‍ക്കാര്‍. മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളുടെ മുഴുവന്‍ വിവരങ്ങളും രേഖാമൂലം ശേഖരിക്കാനാണ് പുതിയ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ദുരന്തം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നതിലും ദുരിതാശ്വാസ നടപടികളിലും സര്‍ക്കാര്‍ വിമര്‍ശിക്കപ്പെടുന്ന സാഹചര്യത്തിലാണ് മറുപടിയായി പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
മത്സ്യ തൊഴിലാളികള്‍ എവിടെ നിന്നൊക്കെ കടലില്‍ പോയി എന്നതു മനസ്സിലാക്കാന്‍ ഇപ്പോള്‍ കഴിയുന്നില്ല. ഏതെങ്കിലും ഒരു കേന്ദ്രത്തില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തണം.സംഘമായി പോകുന്നവര്‍ സംഘത്തിലെ മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ നല്‍കണം. ഇത്തരം കാര്യങ്ങള്‍ ഉറപ്പാക്കുന്നതിന് സംവിധാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പറഞ്ഞു.
ചുഴലിക്കാറ്റുമൂലം നാശനഷ്ടമുണ്ടായവര്‍ക്ക് സഹായം പെട്ടെന്ന് ലഭ്യമാക്കാന്‍ കലക്ടര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിര്‍ദേശിച്ചതായും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയതെന്നും മുഖ്യമന്ത്രി അറിയിച്ചു. നിലവിലുളള മാനദണ്ഡ പ്രകാരം നഷ്ടപരിഹാരത്തുക വളരെ കുറഞ്ഞതാണെങ്കില്‍ അതില്‍ കാലോചിതമായ മാറ്റം വരുത്തേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ കലക്ടര്‍മാര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തണം. ദുരിതാശ്വാസ കേമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും പ്രാഥമിക സൗകര്യങ്ങളും ഉറപ്പാക്കുകയും കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുകയും വേണം. വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തി വേഗത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസരംഗത്ത് ജില്ലാ ഭരണസംവിധാനങ്ങള്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് നടത്തിയതെന്നും പിണറായി ചുണ്ടിക്കാട്ടി. തികച്ചും അപ്രതീക്ഷിതമായ ദുരന്തമാണ് തീരപ്രദേശങ്ങളിലുണ്ടായത്. ഒരു നൂറ്റാണ്ടിനിടയില്‍ ആദ്യമാണ് ഇതുപോലെ ചുഴലിയുണ്ടാകുന്നത്. ഇതു സംബന്ധിച്ച് മുന്‍കൂട്ടി അറിയിപ്പൊന്നും ലഭിച്ചില്ലെന്നും അതാണ് കൂടുതല്‍ പ്രയാസങ്ങള്‍ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.കടല്‍ക്ഷോഭത്തില്‍നിന്ന് രക്ഷപ്പെട്ട് കോഴിക്കോട് എത്തിയ ലക്ഷദ്വീപുകാര്‍ക്ക് എല്ലാവിധ സഹായവും ലഭ്യമാക്കണമെന്ന് കോഴിക്കോട് കലക്ടറോട് നിര്‍ദേശിച്ചുണ്ടെന്നും ലക്ഷദ്വീപുകാരെ സ്വന്തം നാട്ടുകാരെ പോലെ പരിഗണിച്ച് നടപടികള്‍ സ്വീകരിക്കണമെന്നും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.

© 2024 Live Kerala News. All Rights Reserved.