വിദ്യാഭ്യാസം പോര; എംപിമാര്‍ക്കും എംഎല്‍എ മാര്‍ക്കും ചുരുങ്ങിയ യോഗ്യത വേണമെന്ന്‌ ഹരിയാന

പഞ്ചായത്ത്‌ അംഗങ്ങള്‍ക്ക്‌ പത്താം ക്ലാസ്‌ ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യതയായി നിജപ്പെടുത്തി വാര്‍ത്തകളില്‍ ഇടം പിടിച്ച ഹരിയാന സര്‍ക്കാര്‍, എം പി മാര്‍ക്കും എം എല്‍ മാര്‍ക്കും കൂടി ഇത്‌ ബാധകമാക്കാനൊരുങ്ങുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിന്‌ കത്ത്‌ നല്‍കിയിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.
സുതാര്യമായ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക്‌ ഇത്‌ അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പഞ്ചായത്ത്‌ അംഗങ്ങള്‍ക്ക്‌ പത്താം ക്ലാസ്‌ യോഗ്യതയെങ്കിലും വേണമെന്ന്‌ ചട്ടമുണ്ടാക്കിയതുപോലെ തന്നെ നിയമസഭാംഗങ്ങള്‍ക്കും ഹരിയാനയില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങള്‍ക്കും ചുരുങ്ങിയ യോഗ്യത അത്യാവശ്യമാണെന്നുള്ളതിനാലാണ്‌ സംസ്ഥാനം കേന്ദ്രത്തിന്‌ കത്തയച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ വ്രത്തങ്ങള്‍ വ്യക്തമാക്കി.
നേരത്തെ സുപ്രിം കോടതി തീരുമാനത്തെ തുടര്‍ന്നാണ്‌ സംസ്ഥാനത്ത്‌ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ വിദ്യാഭ്യാസ യോഗ്യത ചട്ടം കൊണ്ടുവന്നത്‌. ഇതനുസരിച്ച്‌ 10 -ാം ക്ലാസാണ്‌ ചുരുങ്ങിയ യോഗ്യത. പട്ടിക വിഭാഗങ്ങള്‍ക്ക്‌ ഇത്‌ എട്ടാം ക്ലാസാണ്‌. ഇതിന്റെ ഫലം പഞ്ചായത്ത്‌ ഭരണത്തില്‍ കാണാനുണ്ടെന്നാണ്‌ സര്‍ക്കാര്‍ വിലയിരുത്തല്‍.

© 2024 Live Kerala News. All Rights Reserved.