ഓഖി: മുന്നറിയിപ്പ് നല്‍കാന്‍ വൈകി; ലഭിച്ചത് 30ന് തന്നെ; കേന്ദ്ര പരിസ്ഥിതി മന്ത്രിയുടെ വാദം തിരുത്തി അല്‍ഫോണ്‍സ് കണ്ണന്താനം

കേന്ദ്രപരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധനെ തിരുത്തി സംസ്ഥാനസര്‍ക്കാരിനെ പിന്തുണച്ച് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഓഖി ചുഴലിക്കാറ്റ് അടിക്കുമെന്ന് കേരളത്തിന് മുന്നറിയിപ്പ് ലഭിച്ചത് 30ന് തന്നെയെന്നാണ് അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കിയത്. 28നും 29നും സംസ്ഥാനസെക്രട്ടറിമാര്‍ക്കും സംസ്ഥാനസര്‍ക്കാരുകള്‍ക്കും മുന്നറിയിപ്പ് നല്‍കിയെന്നാണ് നേരത്തെ ഹര്‍ഷവര്‍ധന്‍ പറഞ്ഞിരുന്നത്. അതേസമയം, സംസ്ഥാനസര്‍ക്കാര്‍ വാദിക്കുന്നത് പോലെ ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത് 30നാണെന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷം കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞു.
ഓഖിയെ ദേശീയദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് ഇതോടൊപ്പം കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. ദുരിതാശ്വാസത്തിനായി കേന്ദ്രഗവണ്‍മെന്റില്‍ നിന്ന് സംസ്ഥാനത്തിന് ആവശ്യമായ സഹായം നല്‍കും. സാമ്പത്തികമായി പ്രശനങ്ങളൊന്നുമില്ലെന്നും ആവശ്യത്തിന് ധനസഹായം നല്‍കുമെന്നും കണ്ണന്താനം പറഞ്ഞു. ഓഖി ചുഴലിക്കാറ്റ് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു കണ്ണന്താനം.
ഇന്ത്യന്‍ നേവിയുടെ കപ്പലുകളിലായും വിമാനങ്ങളിലുമായി 183 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അതിന് പുറമെ 300ല്‍ അധികംപേരെ രക്ഷിച്ചിട്ടുണ്ട്. കേരളത്തില്‍ ഓഖി ചുഴലിക്കാറ്റ് അടിക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചത് 30നാണെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.
എല്ലാവരെയും ഏകോപിപ്പിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ 400ഓളം പേരെ ഒറ്റദിവസത്തില്‍ രക്ഷപ്പെടുത്താനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തി രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കിയേക്കും.

© 2024 Live Kerala News. All Rights Reserved.