‘ഓഖി’ക്ക് ശേഷം വരാനിരിക്കുന്നത് ‘സാഗര്‍’; പേരിട്ടത് ഇന്ത്യ

മണിക്കൂറുകളായി തീരപ്രദേശങ്ങളില്‍ വന്‍നാശം വിതച്ചു കൊണ്ടിരിക്കുന്ന ഓഖിക്ക് ശേഷം വരുന്ന ചുഴലിക്കാറ്റ് സാഗര്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊള്ളുന്ന കാറ്റുകള്‍ക്ക് പേരിടുക ഈ പ്രദേശത്തെ രാജ്യങ്ങളാണ്. ഓഖിക്ക് ആ പേര് നല്കിയത് ബംഗ്ലോദേശാണ്. അടുത്ത ഊഴം ഇന്ത്യക്കാണ്. ഇന്ത്യ ഇനി വരാനിരിക്കുന്ന കാറ്റിന് പേരിട്ടിരിക്കുന്നത് സാഗര്‍ എന്നാണ്.
ലോക കാലാവസ്ഥാ സംഘടനയും യുഎന്നിന്റെ എക്കണോമിക് ആന്റ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ ഏഷ്യ ആന്റ് ദി പസഫിക്കും ചേര്‍ന്ന് 2000 മുതലാണ് ചുഴലിക്കൊടുങ്കാറ്റിന് പേരിടുന്ന സംവിധാനം തുടങ്ങിയത്. കാലാവസ്ഥാ നിരീക്ഷകര്‍ തമ്മിലുള്ള ആശയവിനിമയവും മുന്നറിയിപ്പുകളും പ്രവചനങ്ങളും നിരീക്ഷണങ്ങളും എല്ലാം സാധ്യമാക്കുന്നതിന് വേണ്ടിയാണ് കാറ്റുകള്‍ക്ക് പേരിടുന്ന പതിവ് തുടങ്ങിയത്.

ലോകത്തെ ഒന്‍പത് ഭാഗങ്ങളായി തിരിച്ചാണ് ചുഴലിക്കാറ്റിന് പേരുകള്‍ ഇടുക. വടക്കന്‍ അറ്റ്ലാന്റിക്, കിഴക്കന്‍ നോര്‍ത്ത് പസഫിക്, സെന്‍ട്രല്‍ നോര്‍ത്ത് പസഫിക്, പടിഞ്ഞാറന്‍ നോര്‍ത്ത് പസഫിക്, വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം, തെക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രം, ഓസ്ട്രേലിയന്‍, തെക്കന്‍ പസഫിക്, തെക്കന്‍ അറ്റ്ലാന്റിക് എന്നിവയാണ് അവ.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത് ഇന്ത്യ,ശ്രീലങ്ക, ബംഗ്ലാദേശ്, തായ്‌ലാന്‍ഡ്, മ്യാന്‍മര്‍, മാലിദ്വീപ്, ഒമാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ്. തിരുവനന്തപുരത്തു നിന്നും 120 കിലോമീറ്റര്‍ തെക്കു മാറി കന്യാകുമാരിക്കു സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ന്യൂനമര്‍ദത്തിന്റെ ഫലമായി രൂപംകൊണ്ട ചുഴലിക്കാറ്റിന് ഓഖി എന്ന പേര് നല്കിയത് ബംഗ്ലാദേശാണ്. ഇതിനു മുമ്പ് വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ ആഞ്ഞുവീശിയ മോറ കാറ്റിന് നാമം വന്നത് തായ്‌ലാന്‍ഡില്‍ നിന്നായിരുന്നു.

© 2024 Live Kerala News. All Rights Reserved.