ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്; പ്രമുഖര്‍ പത്രിക സമര്‍പ്പിച്ചു

ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലെ ആര്‍കെ നഗറില്‍ പ്രമുഖര്‍ പത്രിക സമര്‍പ്പിച്ചു. ഡിഎംകെ, എഡിഎംകെ കക്ഷികളും സ്വതന്ത്രസ്ഥാനാര്‍ഥിയായ ടിടിവി ദിനകരനുമാണ് ഇന്നലെ പത്രിക നല്‍കിയത്. ജയലളിതയുടെ ബന്ധു ദീപ ജയകുമാര്‍ അടക്കമുള്ള നിരവധി പേര്‍ ഇനിയും ആര്‍.കെ നഗറില്‍ അങ്കത്തിന് എത്തിയേക്കും. സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തേ കഴിഞ്ഞതിനാല്‍ മരുതു ഗണേഷ് മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴും ഗണേഷ് തന്നെയായിരുന്നു സ്ഥാനാര്‍ഥി. സമീപ കാലങ്ങളിലൊന്നും ഈ മണ്ഡലത്തില്‍ നിന്ന് ഡിഎംകെയ്ക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല.
വെട്രിവേല്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളോടൊപ്പമായിരുന്നു ടിടിവി ദിനകരന്‍ എത്തിയത്. തെരഞ്ഞെടുപ്പിന്റെ ഓളമുണ്ടാക്കി തുറന്ന വാഹനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്താണ് ദിനകരന്‍ പത്രികാ സര്‍പ്പണത്തിനായി എത്തിയത്. മന്ത്രി ജയകുമാര്‍, മുതിര്‍ന്ന നേതാവ് ബാലഗംഗ എന്നിവര്‍ക്കൊപ്പമെത്തിയാണ് എഡിഎംകെ സ്ഥാനാര്‍ഥിയായ ഇ. മധുസൂദനന്‍ പത്രിക സമര്‍പ്പിച്ചത്. ഡിസംബര്‍ നാല് വരെയാണ് പത്രിക സമര്‍പ്പിയ്ക്കാനുള്ള സമയം. നിരവധി പ്രമുഖര്‍ കൂടി ആര്‍കെ നഗറില്‍ മത്സരിക്കാനെത്തുമെന്നാണ് സൂചന.
ജയലളിതയുടെ മരണവും, ദ്രാവിഡ രാഷ്ട്രീയത്തിലെ കലങ്ങിമറിച്ചിലുകളുമാണ് രാജ്യം ഉറ്റുനോക്കുന്നത്. ജയലളിതയുടെ മരണത്തിന് ശേഷം നടന്ന അധികാരത്തര്‍ക്കങ്ങളും, ശശികലയുടെ ജയില്‍ വാസവും, ഒപിഎസ്-ഇപിഎസ് പോരും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നുതന്നെയാണ് സൂചന.

© 2024 Live Kerala News. All Rights Reserved.