ഇന്ത്യയിലെ 300 സ്വകാര്യ എന്‍ജിനിയറിങ് കോളേജുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍; നിലനില്‍പ്പിനായി വൊക്കേഷണല്‍ കോളേജുകളാക്കാന്‍ നീക്കം

രാജ്യത്ത് 300 സ്വകാര്യ എന്‍ജിനിയറിങ് കോളേജുകള്‍ 2018-19 അധ്യയനവര്‍ഷത്തില്‍ അടച്ചുപൂട്ടാന്‍ പോകന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായിലായി 30 ശതമാനം മാത്രം പ്രവേശനം നടത്തിയ സ്വകാര്യ എന്‍ജിനിയറിങ് കോളേജുകളില്‍ അടുത്ത അധ്യയനവര്‍ഷത്തില്‍ പുതിയ ബാച്ചിനെ പ്രവേശിപ്പിക്കരുതെന്നാണ് മാനവ വിഭവശേഷി വകുപ്പ് നിര്‍ദ്ദേശം. കൂടാതെ വിദ്യാര്‍ത്ഥികള്‍ കുറവുള്ള 500ലധികം കോളേജുകള്‍ നിരീക്ഷണത്തിലാണെന്നും മാനവ വിഭവശേഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
എന്നാല്‍ ഈ കോളേജുകള്‍ അടച്ചുപൂട്ടാതെ സയന്‍സ്, വൊക്കേഷണല്‍ കോളേജുകളായി മാറ്റാനാണ് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എഐസിടിഇ) നിര്‍ദ്ദേശിച്ചിരിക്കുന്നത്. 2017 അവസാനത്തോടെ കോളേജുകള്‍ സയന്‍സ് വൊക്കേഷണല്‍ സ്ഥാപനങ്ങളായി എഐസിടിഇ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 3000 സ്വകാര്യ എന്‍ജിനിയറിങ് സ്ഥാപനങ്ങളിലായി 13.56 ലക്ഷം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. എന്നാല്‍ 800 ലധികം കോളേജുകളിലും 50 ശതമാനത്തില്‍ താഴെ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടുന്നത്.