മുഖം രക്ഷിക്കാന്‍ സര്‍ക്കാരിന്റെ ‘പെരുംനുണ’; മത്സ്യത്തൊഴിലാളികളെ രക്ഷിക്കാനെത്തിയ ജപ്പാന്‍ കപ്പല്‍ വ്യാജ പ്രചരണമെന്ന് ആരോപണം

ചുഴലിക്കാറ്റിലകപ്പെട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വേണ്ടവിധം ഇടപെടാന്‍ സാധിക്കാത്തതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ നുണ പ്രചരണം. കടലില്‍ കുടുങ്ങിപ്പോയ 90 മീന്‍പിടിത്ത തൊഴിലാളികളെ ജപ്പാനില്‍ നിന്നുള്ള കപ്പല്‍ രക്ഷപ്പെടുത്തിയെന്നത് വ്യാജ വാര്‍ത്തയാണെന്ന് തെളിഞ്ഞു. കടലില്‍ തിരച്ചില്‍ നടത്തി തീരസംരക്ഷണ സേനയും വിഴിഞ്ഞം പുതിയവാര്‍പ്പ് ഹാര്‍ബറില്‍ 18 ആംബുലന്‍സുകളും ഒന്‍പതു ഡോക്ടര്‍മാരും ഉള്‍പ്പടെ വന്‍ സന്നാഹം കാത്തിരുന്നെങ്കിലും ആരെയും കണ്ടെത്താനായില്ല. ഇതേ തുടര്‍ന്നു കാണാതായവരുടെ ബന്ധുക്കളും നാട്ടുകാരും രോഷാകുലരായി. തീരസംരക്ഷണ സേനയുടെ ബോട്ടിനുനേരെ കല്ലേറുണ്ടായി. മാധ്യമപ്രവര്‍ത്തകരെയും ആരോഗ്യവകുപ്പ് അധികൃതരെയും അടക്കം തുറമുഖത്തു പൂട്ടിയിട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇന്നലെ ഉച്ചയോടെ കടലില്‍ കുടുങ്ങിയ 90 മത്സ്യബന്ധന തൊഴിലാളികളെ നാല് ബോട്ടുകളില്‍ നിന്ന്, ജപ്പാന്‍ കപ്പല്‍ ജീവനക്കാര്‍ രക്ഷിച്ചെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തു പുറത്തുവിട്ടത്. തീരസംരക്ഷണ സേന ഉള്‍പ്പെടെയുള്ള സംഘം ഉടന്‍തന്നെ ഇവരെ കരയിലെത്തിക്കുമെന്നായിരുന്നു അറിയിപ്പ്. ഉടന്‍ കോസ്റ്റ് ഗാര്‍ഡിന്റെ രണ്ടു ബോട്ടുകളില്‍ സംഘം പുറപ്പെട്ടു. വിവിധ ആശുപത്രികളില്‍ നിന്ന് ആംബുലന്‍സുകളും കരയില്‍ കാത്തുനിന്നുവെങ്കിലും തിരച്ചിലിനു പോയ ബോട്ടുകളില്‍ ഒന്ന് രാത്രി ഏഴോടെ തിരിച്ചെത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
നടുക്കത്തിനും നിരാശയ്ക്കും ഒടുവില്‍ കുപിതരായ മത്സ്യത്തൊഴിലാളികളും കടലില്‍ അകപ്പെട്ടുപോയവരുടെ കുടുംബാംഗങ്ങളും മാധ്യമപ്രവര്‍ത്തകരെയും ആരോഗ്യവകുപ്പ് അധികൃതരെയും അകത്തു നിര്‍ത്തി ഹാര്‍ബറിന്റെ ഗേറ്റ് നാട്ടുകാര്‍ അടച്ചു. പിന്നീടു പൊലീസ് ഇടപെട്ടാണു സ്ഥിതി ശാന്തമാക്കിയത്. സര്‍ക്കാരിന്റെ തിരച്ചില്‍ ഫലപ്രദമല്ലെന്നാരോപിച്ച് മത്സ്യത്തൊഴിലാളികള്‍ വിലക്കുകള്‍ ലംഘിച്ച് കടലിലിറങ്ങി.