ഓഖി: രക്ഷാപ്രവര്‍ത്തനം ഫലപ്രദമല്ലെന്ന് ആരോപണം; വിലക്ക് ലംഘിച്ച് 40 പേര്‍ കടലില്‍ തിരച്ചിലിനിറങ്ങി; ഇനി മടങ്ങിയെത്താനുള്ളത് നൂറിലധികം പേര്‍

ഓഖി ചുഴലിക്കാറ്റു ദുരന്തത്തില്‍ സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനം ഫലപ്രദമല്ലെന്നാരോപിച്ച് 40 മത്സ്യതൊഴിലാളികള്‍ വിലക്ക് ലംഘിച്ച് തിരച്ചലിനിറങ്ങി. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരത്തേക്ക് പോകരുതെന്നും കോസ്റ്റല്‍ പൊലീസിന് കൃത്യമായ വിവരം നല്‍കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ വിലക്ക് ലംഘിച്ചാണ് കൊല്ലം, വിഴിഞ്ഞം എന്നിവിടങ്ങളില്‍നിന്നുമാണ് 40 മത്സ്യത്തൊഴിലാളികള്‍ കടലിലേക്കു പോയത്.
നാല് ബോട്ടുകളിലായി 20 തൊഴിലാളികളാണ് കൊല്ലത്തുനിന്നു പുറപ്പെട്ടത്. വിഴിഞ്ഞത്തുനിന്നും 20 പേര്‍ കടലലിലേക്ക് പോയി. കടലില്‍പ്പെട്ടവരുടെ ജീവനാണ് തങ്ങള്‍ക്കു പ്രധാനമെന്ന് തൊഴിലാളികള്‍ പറഞ്ഞു. കൊച്ചുവേളി മേഖലയില്‍നിന്ന് മല്‍സ്യബന്ധനത്തിനായി പോയ നാലു പേരേക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തത്തില്‍ പ്രതിഷേധിച്ച് മല്‍സ്യത്തൊഴിലാളികള്‍ തീരദേശ റോഡ് ഉപരോധിക്കുകയാണ്.
അതേസമയം, കടലില്‍ കുടുങ്ങിയിരിക്കുന്ന 107 മത്സ്യതൊഴിലാളികളെ കൂടി രക്ഷപ്പെടുത്താനുണ്ടെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ വാസുകി അറിയിച്ചു. മത്സ്യതൊഴിലാളികള്‍ മത്സ്യബന്ധനത്തിനായി കടലില്‍ ഇറങ്ങരുതെന്ന് കര്‍ശ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
തിരിച്ചിലിനു മല്‍സ്യത്തൊഴിലാളികളുടെ വലിയ ബോട്ടിറക്കാമെന്നു കളക്ടര്‍ വ്യക്തമാക്കി. ബോട്ടിന്റെ റജിസ്റ്റര്‍ നമ്പര്‍ പൊലീസിനു കൈമാറണം. ബോട്ടുകള്‍ രണ്ടു നോട്ടിക്കല്‍ ൈമല്‍ അപ്പുറം പോകരുത്. തിരുവനന്തപുരത്ത് 107 പേര്‍ മടങ്ങിയെത്താനുണ്ടെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു
അതേസമയം കേരളത്തിന്റെ വിവിധ തീരങ്ങളില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.