മരിച്ചെന്ന് പറഞ്ഞു ആശുപത്രി കൈമാറിയ ഇരട്ടക്കുട്ടികളില്‍ ഒരാള്‍ക്കു ജീവന്‍; അറിഞ്ഞത് സംസ്‌കാരത്തിന് തൊട്ടുമുമ്പ്

മരിച്ചെന്നു പറഞ്ഞു ആശുപത്രി അധികൃതര്‍ കൈമാറിയ ഇരട്ടക്കുട്ടികളുടെ സംസ്‌കാരചടങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ ഒരു കുട്ടിക്കു ജീവന്‍. ഡല്‍ഹി ഷാലിമാര്‍ ബാഗിലെ സ്വകാര്യ ആശുപത്രിയായ മാക്സാണ് മരിച്ചെന്ന് പറഞ്ഞു കുട്ടികളെ മാതാപിതാക്കള്‍ക്ക് കൈമാറിയത്. ആശുപത്രി അധികൃതരുടെ വാക്കുകള്‍ കേട്ട് കുട്ടികളുടെ സംസകാര ചടങ്ങുകള്‍ നടത്തുന്നതിനിടെയാണ് ഇതില്‍ ഒരുകുട്ടിക്കു ജീവനുള്ളതായി മാതാപിതാക്കള്‍ക്കു വ്യക്തമായത്.
കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ മാക്‌സില്‍ മനസാക്ഷിയെ ഞെട്ടിച്ച സംഭവവികാസങ്ങള്‍ അരങ്ങേറിയത്. രാവിലെ എട്ട് മണിയോടെയാണ് ആശുപത്രിയില്‍ ഇരട്ടകുട്ടികള്‍ക്ക് (ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും) ജന്മം നല്‍കിയത്. ജനിച്ച സമയത്തു തന്നെ ആണ്‍കുട്ടി വെന്റിലേറ്ററിലാണെന്നും പെണ്‍കുട്ടിക്കു ജീവനില്ലെന്നുമാണ് ആശുപത്രി അറിയിച്ചതെന്ന് കുട്ടികളുടെ മുത്തച്ഛന്‍ പ്രവീണ്‍ മാലിക് പറഞ്ഞു. പിന്നീട്, കുട്ടികളുടെ ചികിത്സയ്ക്കായി ഭീമമായ തുകഈടാക്കുന്ന ആശുപത്രിയില്‍ നിന്നും കുഞ്ഞുങ്ങളെ മാറ്റാന്‍ തീരുമാനിച്ചതോടെ ജീവനുണ്ടായിരുന്ന ആണ്‍കുട്ടിക്കും ജീവന്‍ നഷ്ടപ്പെട്ടുവെന്ന് ആശുപത്രി കുട്ടികളുടെ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു.
പ്ലാസ്റ്റിക് കവറിലാക്കി കൊടുത്ത കുഞ്ഞുങ്ങളുടെ ശരീരവുമായി സംസ്‌കാര ചടങ്ങളുകള്‍ക്ക് പോകുന്ന വഴിയാണ് കുട്ടികളിലൊന്നിന് ജീവനുണ്ടെന്ന് രക്ഷിതാക്കള്‍ക്ക് മനസിലായത്. തുടര്‍ന്ന് തൊട്ടടുത്തുള്ള മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കുട്ടിക്ക് കുഴപ്പമൊന്നുമില്ലെന്ന് കണ്ടെത്തുകയുമായിരുന്നു.
ഡങ്കിപ്പനിയെ തുടര്‍ന്ന് ഏഴ് വസുകാരി മരിച്ച സംഭവത്തില്‍ ഡല്‍ഹിയിലെ മറ്റൊരു പ്രമുഖ സ്വകാര്യ ആശുപത്രിക്കെതിരേ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് രാജ്യ തലസ്ഥാനത്തെ ഞെട്ടിപ്പിച്ച മറ്റൊരു സംഭവം കൂടി അരങ്ങേറിയിരിക്കുന്നത്. ആശുപത്രി അധികൃതരുടെ അനാസ്ഥ പുറത്തായതോടെ പ്രതിഷേധം ശക്തമാവുകയാണ്. വിഷയത്തില്‍ അന്വേഷണം നടത്താനും കടുത്ത നടപടികള്‍ സ്വീകരിക്കാനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉത്തരവിട്ടു.
സംഭവത്തെതുടര്‍ന്ന് ഇവരെ ചികിത്സിച്ചിരുന്ന ഡോക്ടറോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ മാക്സ് അധികൃതര്‍ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെകുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്നും അതിനാലാണ് ഡോക്ടറോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടതെന്നും ആശുപത്രിയില്‍ നിന്ന് അറിയിച്ചു. കുഞ്ഞിന്റെ മാതാപിതാക്കള്‍ ഡല്‍ഹി പോലീസില്‍ നല്‍കിയ പരാതിയിന്മേല്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

© 2024 Live Kerala News. All Rights Reserved.