ഭിക്ഷാടന മാഫിയയുടെ കൈയില്‍ അകപ്പെട്ട പിഞ്ചു ബാലിക; അവളെ രക്ഷിച്ചത് സാമൂഹ്യപ്രവര്‍ത്തകയുടെ ഫെയ്‌സ്ബുക്ക് ഇടപെടല്‍

പൊള്ളലേറ്റ ശരീരം, തളര്‍ന്ന ഉറക്കം, ഭിക്ഷാടകനായ ബാലകന്റെ കയ്യില്‍ കിടന്നുറങ്ങുന്ന പിഞ്ചുബാലികയുടെ മുഖം എല്ലാവരിലും വേദനയായി നിറഞ്ഞിരുന്നു. ആരാണ് അവള്‍, എങ്ങനെയാണ് ഭിക്ഷാടന മാഫിയയുടെ പിടിയില്‍ എത്തിയത് -എന്നിങ്ങനെയുള്ള അനേക ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അവളെ കണ്ടെത്തി. കുറച്ച് ദിവസങ്ങളായി ഫെയ്‌സ്ബുക്കില്‍ പ്രചരിച്ചിരുന്ന അവശയായ ബാലികയുടെ കഥ സിനിമാക്കഥകളെ വെല്ലും.
ഡല്‍ഹി മലയാളിയും സാമൂഹ്യപ്രവര്‍ത്തകയുമായ ദീപാ മനോജ് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒരു ഭിക്ഷക്കാരന്റെ കയ്യില്‍ അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയുടെ ചിത്രവും വീഡിയോയും ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത്. കണ്ടപ്പോള്‍ തോന്നിയ അസ്വാഭാവികത കൊണ്ട് അന്നു മുതല്‍ ആ പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ദീപയും സംഘവും. ഇരുട്ടി വെളുക്കും മുന്‍പ് പതിനഞ്ചര ലക്ഷം ആളുകളാണ് ഫെയ്‌സ്ബുക്കിലൂടെ ആ വീഡിയോ കാണുകയും വാര്‍ത്ത വായിക്കുകയും ചെയ്തത്. പക്ഷേ, തൊട്ടടുത്ത ദിവസം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ നിന്നും അപ്രത്യക്ഷമായി. ഭിക്ഷാടന മാഫിയ എത്രത്തോളം ശക്തമാണ് എന്ന് അതിലൂടെ തെളിയിക്കപ്പെട്ടെങ്കിലും ദീപയും കൂട്ടുകാരും പ്രതീക്ഷ കൈവെടിഞ്ഞില്ല.
പ്രതീക്ഷകള്‍ക്ക് തിരികൊളുത്തി വ്യാഴാഴ്ച രാത്രി ഏഴു മണിക്ക് ദീപയ്ക്ക് ഒരു കോള്‍ വന്നു. ഡല്‍ഹിയിലെ ഭിക്ഷക്കാരെ ചികിത്സിക്കുന്ന ഡോക്ടറുടെ കോളായിരുന്നു അത്്. ഡല്‍ഹി ദില്‍ഷാദ് റയില്‍വെ സ്റ്റേഷനില്‍ ഭിക്ഷയാചിക്കാന്‍ കുട്ടിയെ കൊണ്ടുവന്നിട്ടുണ്ടെന്നായിരുന്നു വിവരം. ഉടന്‍ ദീപയും സംഘവും അവിടെയെത്തി കുട്ടിയെ തിരിച്ചറിഞ്ഞു. എപ്പോഴത്തേയും പോലെ ഒന്നുമറിയാതെ തളര്‍ന്നു കിടന്നുറങ്ങുകയായിരുന്നു അവള്‍.
സാജിയ എന്നാണ് അവളുടെ പേര്. ബന്ധു തന്നെയാണ് സാജിയയെ ഭിക്ഷ യാചിക്കാന്‍ കൊണ്ടുപോകുന്നത്. ദീപയും സംഘവും കുട്ടിയുടെ കുടുംബത്തെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. മാതാവും മറ്റു കുടുംബാംഗങ്ങളും അവരുടെ തെറ്റിന് മാപ്പു പറഞ്ഞു. പെണ്‍കുട്ടിയെ ഇനി ഭിക്ഷയ്ക്ക് വിടില്ലെന്ന് അമ്മ ദീപയ്ക്ക് ഉറപ്പ് നല്‍കി. സാജിയയെ സ്‌കൂളില്‍ വിടുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ദീപ പറഞ്ഞു.
ഭിക്ഷാടനം പൂര്‍ണമായി നിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ദീപ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

© 2024 Live Kerala News. All Rights Reserved.