ഓഖി ചുഴലിക്കാറ്റ്; മുൻകരുതലുകൾ എടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് രമേശ് ചെന്നിത്തല

ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടും മുൻകരുതൽ എടുക്കുന്നതിൽ സർക്കാർ പൂർണമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര ആഭ്യന്തര വകുപ്പ് ചുഴലിക്കാറ്റ് സംബന്ധിച്ച് വിവരങ്ങൾ ഒൗദ്യോഗികമായി അറിയിച്ചെങ്കിലും സംസ്ഥാന സർക്കാർ അത് അവഗണിക്കുകയായിരുന്നു.
ഇത് കടുത്ത വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലായിടങ്ങളിലും ചുഴലിക്കാറ്റ് വീശുന്നതിന് മുൻപ് തന്നെ ജനങ്ങളെ ഒഴിപ്പിക്കുന്നതുൾപ്പടെയുള്ള മുൻകരുതലുകൾ സ്വീകരിക്കാറാണ് പതിവ്. എന്നാൽ ഇവിടെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് തടയുന്നതിന് പോലും സർക്കാരിന് കഴിഞ്ഞില്ല.
ചുഴലിക്കാറ്റ് ആഞ്ഞടിച്ച ശേഷവും രക്ഷാ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്നതിലും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും സർക്കാരിന് വീഴ്ചയുണ്ടായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. തിരുവനന്തപുരം പുന്തുറയിലെ ജനങ്ങളുടെ പരിഭ്രാന്തി മുഖ്യമന്ത്രിയെ അറിയിച്ചതായും ഇവിടെ അടിയന്തരമായി കണ്‍ട്രോൾ റൂം തുറക്കണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.