ചന്തയിലെ കന്നുകാലി കൈമാറ്റം കേന്ദ്രം പുനസ്ഥാപിക്കുന്നു; പിന്നില്‍ ഉത്തരേന്ത്യന്‍ കര്‍ഷകരുടെ എതിര്‍പ്പ്

കാലിചന്തകളില്‍ കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ വിവാദ വിജ്ഞാപനം പിന്‍വലിച്ചേക്കും. ഉത്തരവ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ശുപാര്‍ശയുള്ള ഫയല്‍ വനം പരിസ്ഥിതി മന്ത്രാലയം നിയമ മന്ത്രാലയത്തിന് സമര്‍പ്പിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ മെയ് 23നായിരുന്നു വനം പരിസ്ഥിതി മന്ത്രാലയം മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ കേരളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍നിന്ന് കേന്ദ്രസര്‍ക്കാരിന് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഈ വിജ്ഞാപനം വന്നതിന് പിന്നാലെ പശു, കാള, പോത്ത്, ഒട്ടകം, ക്ടാവാ എന്നിവയെ കശാപ്പിനായി ചന്തയില്‍ വില്‍ക്കുന്നത് നിയമവിരുദ്ധമായി മാറി. മതാചാരങ്ങളുടെ ഭാഗമായി കന്നുകാലികളെ ബലികൊടുക്കുന്നതും സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
കശാപ്പിനായുള്ള കന്നുകാലി വില്‍പന നിരോധിച്ചത് പ്രതിപക്ഷവും സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കി ഉുയോഗിച്ചിരുന്നു. കൃഷി ആവശ്യത്തിന് മാത്രമായി കന്നുകാലികളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നത് പ്രായോഗികമല്ലെന്നും ഇത് കര്‍ഷകരെ പ്രതികൂലമായി ബാധിക്കുമെന്നും കര്‍ഷക പ്രസ്ഥാനങ്ങളും കര്‍ഷകരും ഒരേസ്വരത്തില്‍ അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തത്.
രാജ്യത്ത് നിലനില്‍ക്കുന്ന ഗോരക്ഷാ സേനാ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടത്തിന് വഴിയൊരുക്കി കൊടുക്കുന്ന നിയമമായിരുന്നു ഇത്. ഇത്തരം പ്രതികൂലമായ സാഹചര്യങ്ങള്‍ കണക്കിലെടുത്തും സംസ്ഥാനങ്ങളുടെ എതിര്‍പ്പ് പരിഗണിച്ചുമാണ് ഇപ്പോള്‍ വനംപരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്. വരാന്‍ പോകുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പും ഇതിനൊരു കാരണമാണ്.
ഒക്ടോബര്‍ മാസം പുറത്തിറങ്ങിയ ഫ്രണ്ട്‌ലൈന്‍ മാഗസിനില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പശുക്കളെ കൊണ്ട് നേരിടുന്ന ദുരിതത്തെക്കുറിച്ച് കവര്‍ സ്റ്റോറി ചെയ്തിരുന്നു. പശുക്കളെ കശാപ്പിനായി വില്‍ക്കാന്‍ കഴിയാത്തതിനാല്‍ കര്‍ഷകര്‍ അവയെ കൂട്ടമായി പൊതുവഴിയിലേക്ക് അഴിച്ചുവിടുകയാണ്. തീറ്റയും വെള്ളവും കിട്ടാതെ ഈ പശുക്കള്‍ വഴിയിലൂടെ അലഞ്ഞ് തിരിയുകയാണെന്നും കൃഷിസ്ഥലങ്ങളില്‍ ഇറങ്ങി കര്‍ഷകര്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയാണെന്നും ഫ്രണ്ട്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പശുക്കള്‍ കൃഷിവിളകള്‍ നശിപ്പിക്കാതിരിക്കാന്‍ രാത്രിയും പകലും കാവല്‍ ഇരിക്കുകയാണെന്നും കേന്ദ്രനിയമം കര്‍ഷകരുടെ ഉറക്കം കെടുത്തുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

© 2024 Live Kerala News. All Rights Reserved.