അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ നിയമവിധേയമാക്കുന്നതിനായി പുതിയ ഓര്‍ഡിനന്‍സ്

സംസ്ഥാനത്ത് അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ നിയമവിധേയമാക്കുന്നതിനായി പുതിയ ഓര്‍ഡിനന്‍സ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പിഴ ഈടാക്കിക്കൊണ്ട് അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കാനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതിനായി പഞ്ചായത്തീരാജ്, മുനിസിപ്പല്‍ നിയമങ്ങള്‍ ഭേദഗതിചെയ്യും. അട്ടപ്പാടിയില്‍ കാറ്റാടി വൈദ്യുതി പദ്ധതി സ്ഥാപിക്കാന്‍ എന്‍.എച്ച്.പി.സി ക്ക് അനുമതി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
2017 ജൂലൈ 31-നോ അതിനു മുമ്പോ നിര്‍മിച്ച അനധികൃത കെട്ടിടങ്ങള്‍ സുരക്ഷ, ഉറപ്പ് എന്നിവയില്‍ വിട്ടുവീഴ്ചയില്ലാതെ കോമ്പൗണ്ടിങ് ഫീസ് ഈടാക്കി ക്രമവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നേരത്തേ 2013 വരെ നിര്‍മിച്ച അനധികൃത കെട്ടിടങ്ങള്‍ ക്രമപ്പെടുത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകള്‍, പുനരുദ്ധാരണം എന്നിവയും ക്രമവല്‍ക്കരണ പരിധിയില്‍ കൊണ്ടുവരും. അനധികൃത കെട്ടിടങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ പൊളിച്ചുനീക്കണമെന്നാണ് നിലവിലെ നിയമം. ചട്ടങ്ങള്‍ പാലിക്കാത്തത് മൂലം നമ്പര്‍ ലഭിക്കാതെ നൂറുകണക്കിന് കെട്ടിടങ്ങളാണ് വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ളത്.
അട്ടപ്പാടിയിലെ അഗളി പഞ്ചായത്തില്‍ 8 മെഗാവാട്ട് ശേഷിയുളള കാറ്റാടി വൈദ്യുതി പദ്ധതി നടപ്പാക്കാന്‍ എന്‍.എച്ച്.പി.സി ലിമിറ്റഡിന് വ്യവസ്ഥകള്‍ക്കു വിധേയമായി അനുമതി നല്‍കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു. പദ്ധതിപ്രദേശത്തെ ഭൂമിയിലുളള ആദിവാസികളുടെ സമ്മതം വാങ്ങും. വരുമാനത്തിന്റെ 5 ശതമാനം ഭൂമിയുടെ ഉടമകളായ ആദിവാസികള്‍ക്ക് കെ.എസ്.ഇ.ബി മുഖേന നല്‍കാനും തീരുമാനമുണ്ട്.
ഹൈക്കോടതി ജഡ്ജിമാരുടെ സാമ്പത്തിക അധികാരപരിധി ഉയര്‍ത്തിയുള്ള ഓര്‍ഡിനന്‍സിനും മന്ത്രിസഭ അംഗീകാരം നല്‍കി. സിംഗിള്‍ ബെഞ്ചിന്റെ സാമ്പത്തിക അധികാരപരിധി ഒരുലക്ഷം രൂപയില്‍നിന്ന് 40 ലക്ഷം രൂപയായി ഉയര്‍ത്താന്‍ കേരള ഹൈക്കോടതി നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. ഇക്കാര്യം ഗവര്‍ണറോട് ശുപാര്‍ശചെയ്യും. നിര്‍ദിഷ്ട ഭേദഗതി അനുസരിച്ച് വാഹനാപകട ക്ലെയിംസ് ട്രിബ്യൂണല്‍ പാസാക്കുന്ന നഷ്ടപരിഹാരത്തുക മാനദണ്ഡമാക്കാതെ അതിന്മേലുള്ള അപ്പീല്‍ കേള്‍ക്കാന്‍ സിംഗിള്‍ ജഡ്ജിക്ക് അധികാരം നല്‍കും

© 2024 Live Kerala News. All Rights Reserved.