മിമിക്രി സിനിമാ താരം അബി അന്തരിച്ചു; മരണം രക്തസമ്മര്‍ദ്ദം കൂടിയതിനാല്‍

മലയാള മിമിക്രി വേദികളില്‍ ആമിനത്താത്തയായി കളം നിറഞ്ഞാടിയ പ്രശസ്ത മിമിക്രി-സിനിമാതാരം അബി അന്തരിച്ചു. അന്പത്തിയാറു വയസായിരുന്നു. രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ഇന്ന് രാവിലെയോടെയായിരുന്നു മരണം. ഏറെക്കാലം മിമിക്രി വേദികളിലും പാരഡി കാസറ്റുകളിലൂടെയും പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമായിരുന്നു അബി.
മലയാള മിമിക്രി വേദികളില്‍ ആദ്യമായി അമിതാബ് ബച്ചനെ അനുകരിച്ചത് അബിയായിരുന്നു. അന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ടുവര്‍ഷം എംജി യൂണിവേഴ്‌സിറ്റി യുവജനോത്സവത്തില്‍ മിമിക്രിക്ക് ഒന്നാം സമ്മാനം ലഭിച്ചിരുന്നു.മകന്‍ ഷെയിന്‍നിഗം അറിയപ്പെടുന്ന യുവനടനാണ്. സുനിലയാണ് ഭാര്യ. അഹാന, അലീന എന്നിവരും മക്കളാണ്. മൂവാറ്റുപുഴ സ്വദേശിയായ ഹബീബ് മുഹമ്മദ് അബി എന്ന പേരിലൂടെയാണ് മിമിക്രിയിലും സിനിമയിലും അറിയപ്പെട്ടത്. കലാഭവന്‍, കൊച്ചിന്‍ സാഗര്‍, ഹരിശ്രീ എന്നീ പ്രമുഖ ട്രൂപ്പുകളില്‍ അംഗമായിരുന്നു.

സ്വന്തം കുടുംബത്തില്‍ നിന്ന് ആമിനത്താത്ത എന്ന കഥാപാത്രത്തെ അനുകരിച്ചു കൊണ്ടായിരുന്നു അബിയുടെ കലാലോകത്തേക്കുള്ള കാല്‍വെയ്പ്പ്. സ്വന്തം വല്യമ്മയാണ് ആമിനത്താത്ത. അന്‍സാര്‍ കലാഭവന്‍ സംവിധാനം ചെയ്ത കിരീടം വെക്കാത്ത രാജാവ് എന്ന ചിത്രത്തില്‍ ആമിനത്താത്ത എന്ന മുഴുനീള സ്ത്രീകഥാപാത്രത്തെ അബി അവതരിപ്പിച്ച് ശ്രദ്ധേയനായിരുന്നു. മിമിക്‌സ് പരേഡ് എന്ന സിദ്ദിഖ്-ലാല്‍ ടീമിന് പിന്നീലെ ദിലീപ് നാദിര്‍ഷ അബി എന്നിവരിലൂടെയാണ് മലയാള മിമിക്രി ലോകത്തിന്റെ വളര്‍ച്ചയ്ക്ക് വേരൂന്നിയത്. അമിതാബ് ബച്ചന്റെ പരസ്യങ്ങള്‍ക്ക് മലയാളത്തില്‍ ശബ്ദം നല്‍കി വന്നത് അബിയായിരുന്നു.
ദേ മാവേലിക്കൊമ്പത്ത് എന്ന കാസറ്റ് പരമ്പരയുടെ തുടക്കത്തില്‍ ദിലീപ് നാദിര്‍ഷ എന്നിവരോടപ്പം അബിയുമുണ്ടായിരുന്നു. ആദ്യകാലത്ത് മാവേലിയെ അവതരിപ്പിച്ചിരുന്നത് അബിയായിരുന്നു. 1991 ല്‍ പുറത്തിറങ്ങിയ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം സ്റ്റീഫന്‍ എന്ന മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അബി സിനിമാ ലോകത്തേക്ക് കടന്നത്. പിന്നീട് അനപതിലേറെ ചിത്രങ്ങളുടെ ഭാഗമായി. തൊണ്ണൂറുകളില്‍ കൊച്ചി കേന്ദ്രമായെത്തിയ ലോ ബഡ്ജറ്റ് ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു അദ്ദേഹം.

അസുഖം പിടിപെട്ടതിനെ തുടര്‍ന്ന് മിമിക്രി വേദികളില്‍ നിന്ന് മാറി നിന്ന അബി സിനിമാ ചര്‍ച്ചകളുമായി മുന്നോട്ടു പോകവേയാണ് മരണം പിടികൂടിയത്. തനിക്ക് അവരങ്ങള്‍ നിഷേധിക്കപ്പെട്ട സിനിമയില്‍ മകന് ലഭിക്കുന്ന സ്വീകാര്യതയില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.