രാജധാനി എക്സ്പ്രസ് തടഞ്ഞ കേസിൽ ജിഗ്നേഷ് മേവാനിയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട്

ളിത് നേതാവ് ജിഗ്നേഷ് മെവാനിക്കെതിരെ ജാമ്യമില്ലാ വാറണ്ട്. ഗുജറാത്തിലെ മെട്രോപോളിറ്റന്‍ കോടതിയാണ് ജിഗ്നേഷ് മെവാനിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.രാജധാനി എക്‌സ്പ്രസ് തടഞ്ഞതുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാകാത്തതിനെത്തുടര്‍ന്നാണ് കോടതിയുടെ നടപടി.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നോമിനേഷന്‍ നല്‍കുന്നതിന്റെ തിരക്ക് മൂലമാണ് കോടതിയില്‍ ഹാജരാകാന്‍ കഴിയാഞ്ഞത് എന്ന് ജിഗ്നേഷിന്റെ അഭിഭാഷകനായ ഷംസാദ് പഠാന്‍ കോടതിയെ അറിയിച്ചു. വാഡ്ഗന്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് ജിഗ്നേഷ് മത്സരിക്കുന്നത്. എന്നാല്‍ മജിസ്‌ട്രേറ്റായ ആര്‍.എസ് ലാംഗ ഈ വാദം അംഗീകരിച്ചില്ല. ജിഗ്‌നേഷ് മെവാനി ഉള്‍പ്പെടെ കേസില്‍ പ്രതികളായ 12 പേര്‍ക്കെതിരെയും ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞ ജനുവരി 11നാണ് രാജധാനി എക്‌സ്പ്രസ് തടഞ്ഞ് സമരം നടത്തിയതിന് ജിഗ്‌നേഷ് മെവാനിയെയും അനുയായികളേയും പൊലീസ് അറസ്റ്റ് ചെയ്തത്. ജിഗ്നേഷ് അടക്കം 40 പേരാണ് ഈ കേസില്‍ വിചാരണ നേരിടുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143, 147 വകുപ്പുകള്‍ പ്രകാരം നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപമുണ്ടാക്കല്‍ എന്നീ കുറ്റങ്ങളാണ് ജിഗ്നേഷിനും അനുയായികള്‍ക്കും ചുമത്തിയിരിക്കുന്നത്. വിശദ വിവരങ്ങളടങ്ങിയ കുറ്റപത്രവും പൊലീസ് സമര്‍പ്പിച്ചിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.