ക്രിമിനൽ കേസ് ഒഴിവാക്കി; ജേക്കബ് തോമസിനെതിരേ വകുപ്പുതല നടപടി മാത്രം

സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് പുസ്തകമെഴുതിയ മുൻ ഡിജിപിയും ഐഎംജി ഡയറക്ടറുമായ ജേക്കബ് തോമസിനെതിരേ വകുപ്പുതല നടപടി മാത്രം സ്വീകരിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ജേക്കബ് തോമസിനെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് നല്‍കിയ ഫയല്‍ മുഖ്യമന്ത്രി മടക്കി അയച്ചു.
ജേക്കബ് തോമസില്‍നിന്ന് വിശദീകരണം തേടി നോട്ടീസ് അയക്കാനും തീരുമാനമായി. ജേക്കബ് തോമസിന്‍റെ ഭാഗത്തു നിന്ന് അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങളുടെ ലംഘനവും ഗുരുതരമായ അച്ചടക്ക ലംഘനവുമുണ്ടായെന്നു “സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകം പരിശോധിച്ച ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസ്, നിയമ സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ്, പിആര്‍ഡി ഡയറക്ടര്‍ കെ. അമ്പാടി എന്നിവരടങ്ങിയ സമിതി സര്‍ക്കാരിനു നല്‍കിയ ശുപാർശയിൽ വ്യക്തമാക്കിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെടുക്കാന്‍ സർക്കാർ തീരുമാനിച്ചത്. ആദ്യം ക്രിമിനൽ കേസ് ചുമത്താൻ തീരുമാനിച്ചെങ്കിലും മുഖ്യമന്ത്രി വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.