ദേവസ്വം ബോര്‍ഡിന് കീഴിലെ തസ്തികകളില്‍ മുന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തികൊണ്ടുള്ള കേരള സര്‍ക്കാര്‍ തീരുമാനം സി.പി.ഐ.എം ന്റെ പ്രഖ്യാപിത നയപരിപാടികള്‍ക്ക് കടകവിരുദ്ധം. ഭാവിരാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന ദിശതെറ്റിയ തീരുമാനം മുഖ്യമന്ത്രിയും സംസ്ഥാന നേതൃത്വവും ആവര്‍ത്തിച്ച് ശരിവയ്ക്കുമ്പോഴും ഇതെങ്ങിനെ കൈകാര്യം ചെയ്യുമെന്നറിയാതെ കുഴങ്ങുകയാണ് പാര്‍ട്ടി കേന്ദ്രനേതൃത്വം. ആര്‍.എസ്.എസ് അടക്കമുള്ള സംഘടനകളും ബി.ജെ.പിയും നിരന്തരം ആവശ്യപ്പെടുന്ന സാമ്പത്തീക സംവരണം നടപ്പാക്കാന്‍ സി.പി.എം ഭരിക്കുന്ന സംസ്ഥാനം തന്നെ മുന്നിട്ടിറങ്ങുമ്പോള്‍ ഇതിന് ന്യായീകരണം കണ്ടെത്തേണ്ട് ബാധ്യതയിലാണ് പാര്‍ട്ടി കേന്ദ്രനേതൃത്വം.
സംവരണം സാമ്പത്തീകസ്ഥിതിയെ അല്ല മറിച്ച് സാമൂഹീക പിന്നാക്കാവസ്ഥയെയാണ് പരിഗണിക്കുന്നതെന്നും ഇത് മറികടക്കാന്‍ സംവരണം വ്യാപിപ്പിക്കുകയല്ല വേണ്ടതെന്നുമാണ് അഖിലേന്ത്യപാര്‍ട്ടി നിലപാട്. ഏതെങ്കിലും ഒരു സംസ്ഥാനത്ത് മാത്രമായി പാര്‍ട്ടിക്ക് പ്രത്യേക സംവരണനയമില്ലെന്നിരിക്കെ, വീണ്ടുവിചാരമില്ലാതെ കേരളത്തില്‍ ഇങ്ങനെ ഒരു നിയമുണ്ടാക്കുക വഴി പാര്‍ട്ടി കേന്ദ്രനേതൃത്വത്തെ കേരളനേതൃത്വം വെട്ടിലാക്കിയിരിക്കുകയാണ്. തന്നെയുമല്ല, ദേശീയ-അന്തര്‍ദേശീയ പ്രശ്‌നങ്ങള്‍, ഒന്നിലധികം സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, രാജ്യത്തിന് മുഴുവന്‍ ബാധകമായ ഏകീകൃത തീരുമാനം വേണ്ട കാര്യങ്ങള്‍ എന്നിവയില്‍ തീരുമാനമെടുക്കുന്നത് അഖിലേന്ത്യ പാര്‍ട്ടിയായിരിക്കുമെന്ന് പാര്‍ട്ടി ഭരണഘടനയില്‍ തന്നെ പറയുന്നുണ്ട്. ഭരണഘടനയുടെ 13-ാം വകുപ്പില്‍ പ്രിന്‍സിപ്പിള്‍സ് ഓഫ് ഡെമോക്രാറ്റിക് സെന്‍ട്രലിസം എന്ന തലക്കെട്ടില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനങ്ങളുമായോ ജില്ലകളുമായോ ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കന്നത് സംസ്ഥാന പാര്‍്ട്ടി നേതൃത്വമാണെന്നും എന്നാല്‍ അത്തരം തീരുമാനങ്ങള്‍ പാര്‍ട്ടിയുടെ ദേശീയ നിലപാടുമായി ഒത്തുപോകണമെന്നും ഇതേ ഭരണഘടന പറയുന്നു. ഇവിടെ, കേരളത്തിലെ മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ഏകപക്ഷീയമായി സംവരണം നല്‍കുക വഴി പാര്‍ട്ടി ഭരണഘടനയെ തന്നെയാണ് കേരളനേതൃത്വം ചോദ്യം ചെയ്യുന്നത്. അതല്ലെങ്കില്‍, വിവധ സംസ്ഥാനങ്ങളിലെ വിഷയങ്ങള്‍ പഠിച്ച്, ചര്‍ച്ച ചെയ്ത് ചട്ടങ്ങള്‍ ഭേദഗതി വരുത്തിവേണം പുതിയ സംവരണനയം രൂപീകരിക്കുവാനും അതുമായി മുന്നോട്ട് പോകാനും.സംസ്ഥാനങ്ങളില്‍ 90 ശതമാനവും ബി ജെ.പി മുന്നണി ഭരിക്കുന്ന രാജ്യത്ത് ഈ സംസ്ഥാനങ്ങള്‍ ഇതേ വഴി തിരഞ്ഞെടുക്കുകയും നിയമ ഭേദഗതിക്ക് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്താല്‍ ഇടതു പാര്‍്ട്ടികളുടെ കേന്ദ്ര നേതൃത്വങ്ങള്‍ക്ക് നിലപാടെടുക്കുക ബുദ്ധിമുട്ടാകും.