കുറ്റപത്രം പൊലീസ് ചോര്‍ത്തി; ആരോപണവുമായി ദിലീപ്

നടിയെ അക്രമിച്ച കേസിലെ കുറ്റപത്രം പൊലീസ് ചോര്‍ത്തിയെന്ന ആരോപണവുമായി ദിലീപ്. കുറ്റപത്രം കോടതിയില്‍ എത്തുന്നതിന് മുമ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചു ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു.
ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് ദിലീപിനെ എട്ടാം പ്രതിയാക്കിക്കൊണ്ടുള്ള കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.കുറ്റപത്രത്തിന്റെ അഞ്ച് പകര്‍പ്പുകളാണ് കോടതിയില്‍ നല്‍കിയത്. കുറ്റപത്രത്തില്‍ ദിലീപിന് അക്രമിക്കപ്പെട്ട നടിയോട് പകയുണ്ടാവാനുള്ള എട്ട് കാരണങ്ങളും എണ്ണിപ്പറഞ്ഞിട്ടുണ്ട്.
കുറ്റപത്രത്തില്‍ അക്രമത്തിനിരയായ നടിയാണ് ഒന്നാം സാക്ഷി.ദിലീപിന്റെ മുന്‍ ഭാര്യയായ മഞ്ജു വാര്യര്‍ കേസില്‍ 11-ാം സാക്ഷിയാണ്. ഇപ്പോഴത്തെ ഭാര്യ 34-ാം സാക്ഷിയാണ്.കാവ്യ മാധവന്റെ സഹോദര ഭാര്യ 57-ാം സാക്ഷിയാണ്. നടന്‍ സിദ്ദിഖ് 13-ാം സാക്ഷിയുമാണ്.
അക്രമത്തിനിരയായ നടിയോട് ദിലീപിന് വ്യക്തി വൈരാഗ്യമുണ്ടെന്ന് വെളിപ്പെടുത്തുകയായിരുന്നു കുറ്റപത്രത്തിലൂടെ പൊലീസ്. അക്രമിക്കപ്പെട്ട നടി ദിലീപും കാവ്യാ മാധവനുമായി ബന്ധമുണ്ടെന്നതിന് തെളിവ് മഞ്ജു വാര്യര്‍ക്ക് നല്‍കിയതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് കുറ്റപത്രത്തിലുള്ളത്.

© 2024 Live Kerala News. All Rights Reserved.