ഷെഫിനെ സേലത്ത് കാണാമെന്ന് ഹാദിയ; എന്റെ മകളെ തീവ്രവാദിയെ കൊണ്ട് കെട്ടിച്ചില്ലേയെന്ന് അമ്മ; കോടതി നടപടി തന്റെ വിജയമെന്ന് പിതാവ്

ഒരു തീവ്രവാദിയെക്കൊണ്ട് എന്റെ മകളെ കെട്ടിച്ചില്ലേയെന്ന ചോദ്യത്തോടെ വികാരപരമായി പ്രതികരിച്ച് ഹാദിയയുടെ അമ്മ. തങ്ങളുടെ പരിചയത്തില്‍ ആര്‍ക്കും മുസ്ലീം സമുദായവുമായി യാതൊരു ബന്ധവുമില്ല. ഇത്തരം ഒരു ചതി പറ്റുമെന്ന് കരുതിയിരുന്നില്ല. അവളുടെകൂടെ പഠിച്ചവരാണ് ചതിച്ചത്. തീ തിന്ന് കഴിയാന്‍ തുടങ്ങിയിട്ട് നാളേറയായി. പറയുന്നത് മനസിസാക്കാനുള്ള മാനസികാവസ്ഥയിലല്ല. അവളുടെ മാനസികാവസ്ഥ മോശമാണെന്നം ഹാദിയയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഷെഫിനെ സേലത്ത് വെച്ച് കാണാമല്ലോയെന്നും പഠനം തുടരാന്‍ അനുവദിച്ച കോടതി നടപടിയില്‍ സന്തോഷമുണ്ടെന്നും ഹാദിയ പറഞ്ഞു. ഡല്‍ഹിയില്‍നിന്നും സേലത്തെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് ഹാദിയ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. നേരത്തെ ഡല്‍ഹിക്ക് പുറപ്പെടാന്‍നേരം താന്‍ മുസ്ലീമാണെന്നും തന്നെ ആരും നിര്‍ബന്ധിച്ച് മതം മാറ്റിയതല്ലെന്നും ഹാദിയ പറഞ്ഞിരുന്നു.
അതേസമയം, ഹാദിയ കേസില്‍ ഉണ്ടായിരിക്കുന്ന കോടതി നിലപാട് തന്റെ വിജയമാണെന്ന് പിതാവ് അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു. മകളുടെ പഠനം തുടരാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും മകള്‍ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് ശക്തമായ ഇരുമ്പ് കവചമാണെന്നും പിതാവ് പറഞ്ഞു. ഹാദിയയുടെ സുരക്ഷയെക്കുറിച്ച് ഇപ്പോള്‍ ആശങ്കയില്ലെന്നും പിതാവ് പറഞ്ഞു. ഷെഫിന്‍ ജഹാന്‍ രക്ഷകര്‍ത്താവാകണമെന്ന ആവശ്യം കോടതി നിരാകരിച്ചല്ലോയെന്നും അശോകന്‍ പറഞ്ഞു.
വഴിയേ പോകുന്നവര്‍ക്ക് തന്റെ മകളെ കാണാന്‍ കഴിയില്ല. സേലത്തെ മെഡിക്കല്‍ കോളേജില്‍ മകളെ കാണാന്‍ സാധിക്കുക അവള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് മാത്രമാണെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു. ഷെഫിന്റെ ജഹാന്റെ വാദം കോടതി അംഗീകരിച്ചിരുന്നെങ്കില്‍ ഷെഫിനെ രക്ഷകര്‍ത്താവായി കോടതി അംഗീകരിക്കാത്തതെന്താണെന്നും അശോകന്‍ ചോദിച്ചു

© 2024 Live Kerala News. All Rights Reserved.