അശോകന്റെ വീട്ടുതടങ്കല്‍ പൊളിച്ച് സുപ്രീംകോടതി; ഹാദിയയ്ക്ക് ഇനി സ്വതന്ത്രമായി ജീവിക്കാം

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഹാദിയ വീട്ടുതടങ്കലില്‍നിന്ന് പുറത്തേയ്ക്ക്. കഴിഞ്ഞ ആറു മാസത്തിലേറെയായി അച്ഛന്‍ അശോകന്റെ വീട്ടുതടങ്കലിലായിരുന്ന ഹാദിയയെ പഠനം പൂര്‍ത്തിയാക്കുന്നതിനായി സേലത്തേയ്ക്ക് പോകാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് അനുവാദം നല്‍കി. സേലത്തെ ഹോമിയോ മെഡിക്കല്‍ കോളജില്‍ പഠനം നടന്നുകൊണ്ടിരിക്കെയാണ് വിവാദ വിവാഹം നടന്നതും ഹാദിയ വീട്ടുതടങ്കലിലായതും.
ഹാദിയയുടെ രക്ഷകര്‍തൃസ്ഥാനം ഭര്‍ത്താവ് ഷെഫിന്‍ ജഹാനോ അച്ഛന്‍ അശോകനോ നല്‍കാന്‍ കോടതി വിസ്സമതിച്ചു. പഠനം തുടരണമെന്നും വീട്ടുതടങ്കലിലാണെന്നുമുള്ള ഹാദിയയുടെ മൊഴി പരിഗണിച്ചാണ് സുപ്രീംകോടതി ഹാദിയയെ സേലത്തേക്ക് അയക്കുന്നത്. അവിടെ കോളജിന്റെ ഹോസ്റ്റലില്‍ താമസിക്കാനാണ് കോടതി നിര്‍ദ്ദേശം. ഹോമിയോ കോളജിന്റെ ഡീന്‍ ആയിരിക്കും ഹാദിയയുടെ ലോക്കല്‍ ഗാര്‍ഡിയന്‍. കേസ് ജനുവരി മൂന്നാം ആഴ്ച്ചയില്‍ പരിഗണിക്കുന്നത് വരെയാണ് കോടതി താല്‍ക്കാലിക രക്ഷകര്‍തൃ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
സേലത്തായിരിക്കുമ്പോള്‍ തമിഴ്‌നാട് പൊലീസിനായിരിക്കും ഹാദിയയുടെ സുരക്ഷാ ചുമതല. ഹൈക്കോടതി വിവാഹം റദ്ദാക്കിയത് ഉള്‍പ്പെടെയുള്ള ഉത്തരവുകള്‍ സുപ്രീംകോടതി റദ്ദാക്കിയിട്ടില്ലെന്നും വിവാഹത്തിന് മുന്‍പുള്ള അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നതെന്നുമാണ് അശോകന്റെ വക്കീല്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ഹാദിയ മൊഴി നല്‍കുന്നതിനിടയില്‍ തന്റെ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ജീവിക്കണമെന്നും ഭര്‍ത്താവിനൊപ്പം പോകാന്‍ അനുവദിക്കണമെന്നും കോടതിയോട് പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ കോടതി തീര്‍പ്പു കല്‍പ്പിച്ചിട്ടില്ല. വിദ്യാഭ്യാസം തുടരാന്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമോ എന്ന് കോടതി ചോദിച്ചപ്പോള്‍, വേണ്ട അത് തന്റെ ഭര്‍ത്താവ് നോക്കിക്കോളും എന്നായിരുന്നു ഹാദിയയുടെ മറുപടി.

© 2024 Live Kerala News. All Rights Reserved.