പാകിസ്ഥാനില്‍ ജനകീയ പ്രക്ഷോഭം ശക്തം; നിയമ മന്ത്രി രാജിവച്ചു

പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പ് നിയമ ഭേദഗതിയെച്ചൊല്ലി നടന്നുവന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ നിയമമന്ത്രി സാഹിദ് ഹമീദ് രാജിവെച്ചു. മൂന്ന് ആഴ്ചയോളമായി വന്‍ പ്രക്ഷോഭമാണ് മന്ത്രിയുടെ രാജിക്കുവേണ്ടി പാകിസ്ഥാനില്‍ നടന്നുവരുന്നത്. ശനിയാഴ്ച സമരക്കാരെ പിരിച്ചുവിടാന്‍ നടത്തിയ പൊലീസ് നടപടിയില്‍ ആറുപേര്‍ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞയില്‍ ചൊല്ലുന്ന സത്യവാചകത്തില്‍ പ്രവാചകനോടുള്ള വിശ്വാസം ബോധ്യപ്പെടുത്തണമെന്ന ഭേദഗതിയിലാണ് പ്രതിഷേധം ആരംഭിച്ചത്. ഇതിനെത്തുടര്‍ന്ന് ഒക്ടോബര്‍ രണ്ടിന് തെഹ്‌രിക് ഇലാബയിക്യാ റസൂല്‍ അള്ളാഹ് (ടി.എല്‍.വൈ.ആര്‍.എ.പി) എന്ന സംഘടനയുടെ നേതൃത്വത്തില്‍ കുത്തിയിരുപ്പുസമരവും തുടങ്ങി. ഇസ്ലാമാബാദില്‍ തുടങ്ങിയ പ്രക്ഷോഭം ലാഹോര്‍, കറാച്ചി നഗരങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചിരുന്നു.
ഞായറാഴ്ച അര്‍ദ്ധരാത്രി സര്‍ക്കാരും സമരക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് നിയമ മന്ത്രി രാജിവെക്കാന്‍ തീരുമാനമുണ്ടാവുന്നത്. തുടര്‍ന്ന് സാഹിദ് ഹമീദ് തന്റെ രാജിക്കത്ത് പ്രധാനമന്ത്രി ശാഹിദ് ഖാഖന്‍ അബ്ബാസിക്ക് നല്‍കിയതായി പാകിസ്ഥാന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.