സഖ്യത്തിനില്ല ; സ്വതന്ത്രനായി മത്സരിക്കുമെന്ന് ജിഗ്നേഷ് മേവാനി

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് ദളിത് സമരനേതാവ് ജിഗ്‌നേഷ് മേവാനി. ബനാസ്‌കന്ത ജില്ലയിലെ വഡ്ഗാം നിയമസഭ മണ്ഡലത്തില്‍ നിന്നാവും മേവാനി ജനവിധി തേടുക. ഇന്ന് മേവാനി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നാക്ക സമുദായങ്ങള്‍ക്കായുള്ള സംവരണ സീറ്റിലാണ് മേവാനി പോരാട്ടത്തിനിറങ്ങുന്നത്.
രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ചിന്റെ നേതാവായ ജിഗ്നേഷിന്റെ മത്സര രംഗത്തേക്കുള്ള വരവോടെ ത്രികോണ മത്സരമാകും വഡ്ഗാമില്‍ അരങ്ങേറുക. ബിജെപിയുടെ വിജയഭായ് ഹര്‍കഭായ് ചക്രവതിയും കോണ്‍ഗ്രസിന്റെ മണിഭായ് വഗേലയുമാണ് ജിഗ്നേഷിന്റെ എതിരാളികള്‍.
സ്വതന്ത്രനായി മത്സരിക്കുമെന്ന ജിഗ്നേഷിന്റെ തീരുമാനത്തോടെ ദളിത് വോട്ടുകള്‍ എങ്ങോട്ട് പോകുമെന്ന ആശങ്കയിലാണ് മറ്റു രണ്ടു പാര്‍ട്ടികളും. യുവനേതാക്കളായ അല്‍പേഷ് താക്കൂറിനേയും ഹാര്‍ദിക് പട്ടേലിനെയും തങ്ങളുടെ ചേരിയില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചത് ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. ബിജെപിയ്‌ക്കെതിരെ പോരാടുമെന്ന് മോവാനി വ്യക്തമാക്കിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പിന്തുണയും കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.