വയറുവേദനയെ തുടര്‍ന്ന് യുവാവിന്റെ വയറിനുള്ളില്‍ നിന്നും കണ്ടെത്തിയത് 263 നാണയങ്ങളടക്കം അഞ്ച് കിലോ ഇരുമ്പ്!

മധ്യപ്രദേശില്‍ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 32കാരന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് അഞ്ചു കിലോയോളം ഇരുമ്പ് സാധനങ്ങള്‍. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 32 കാരനായ മുഹമ്മദ് മക്സുദിന്റെ വയറിനുള്ളില്‍ നിന്നാണ് 263 നാണയങ്ങള്‍, 12 ഷേവിംഗ് ബ്ലേഡ്, 100 ആണികളുമടക്കം അഞ്ച് കിലോ ഇരുമ്പ് പുറത്തെടുത്തത്.
സാത്ന ജില്ലയിലെ സൊഹാവലില്‍ നിന്നുള്ള മക്സൂദിനെ വയറുവേദനയെത്തുടര്‍ന്ന് നവംബര്‍ 18നാണ് സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. ആദ്യം ഭക്ഷ്യ വിഷബാധയാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ എക്സ്റേയില്‍ ഇരുമ്പിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് ഇയാളെ വിധേയനാക്കുകയായിരുന്നു.
ആറംഗ ഡോക്ടര്‍ സംഘം മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുമ്പ് വസ്തുക്കള്‍ വയറിനുള്ളില്‍ നിന്ന് നീക്കം ചെയ്യുന്നത്. 263 നാണയങ്ങള്‍, നാല് സൂചികള്‍, നൂറോളം ആണികള്‍, പന്ത്രണ്ടോളം ഷേവിങ് ബ്ലേഡുകള്‍, കുപ്പി കഷണങ്ങള്‍ എന്നിവ വയറിനുള്ളില്‍ നിന്ന് നീക്കം ചെയ്തു. എല്ലാ കൂടി അഞ്ച് കിലോ ഭാരം വരുമെന്ന് ഡോക്ടര്‍ പറയുന്നു.
ഇത്രയധികം സാധനങ്ങള്‍ വിഴുങ്ങാന്‍ മക്സൂദിനെ പ്രേരിപ്പിച്ച ഘടകമെന്തെന്ന് അറിയില്ല. വയറുവേദനയ്ക്ക് ആറു മാസത്തോളം സ്വന്തം നാട്ടില്‍ ചികിത്സ നടത്തിയിട്ടും ഭേദമാവാത്തതിനെത്തുടര്‍ന്നാണ് മക്സൂദ് മെഡിക്കല്‍ കോളേജിലെത്തിയത്.

© 2024 Live Kerala News. All Rights Reserved.