കേരള രാഷ്ട്രീയത്തില്‍ കെ.എം. മാണി വീണ്ടും ചര്‍ച്ചയാകുന്നു: മാണി ഇടത്തേക്ക് ചായാതിരിക്കാന്‍ കോണ്‍ഗ്രസില്‍ അണിയറനീക്കങ്ങള്‍

ഇടതുമുന്നണിയില്‍ സി.പി.ഐ-സി.പി.ഐ.എം തര്‍ക്കം രൂക്ഷമാകുന്നതിനിടെ മാണിയെ വട്ടമിട്ട് പിടിക്കാന്‍ കോണ്‍ഗ്രസില്‍ അണിയറനീക്കങ്ങള്‍ സജീവം. കെ.എം. മാണിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ജനം മറന്നു തുടങ്ങിയെന്ന കണക്കുകൂട്ടലില്‍ എന്തു വില കൊടുത്തും മാണിയെ യു.ഡി.എഫിനോടെപ്പം നിര്‍ത്തുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യം. രാഷ്ട്രീയ തര്‍ക്കങ്ങള്‍ മൂത്ത് സി.പി.ഐ. ഇടതുചേരി വിടുന്ന സാഹചര്യമുണ്ടായാല്‍ കെ.എം. മാണിക്ക് അത് എല്‍.ഡി.എഫിലേക്കുള്ള തുറന്നിട്ട വാതിലാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഭയക്കുന്നു.
സി.പി.ഐ,.സംസ്ഥാന സെക്രട്ടറി കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലമായ പ്രസ്താവന കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഇങ്ങനെയൊരു സാഹചര്യമുണ്ടാകുകയും മാണി ഇടതുപാളയത്തിലെത്തുകയും ചെയ്താല്‍ അത് കോണ്‍ഗ്രസിന് ക്ഷീണം ചെയ്യുമെന്നും കെപിസിസി നേതൃത്വം കരുതുന്നു.
കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കെ.എം. മാണി കോണ്‍ഗ്രസിന്റെ സ്വാഭാവിക സഖ്യകക്ഷിയാണെന്നും മാണിയെ തിരിച്ചെടുക്കുന്നതില്‍ തടസങ്ങളില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്തിമതീരുമാനം ആ പാര്‍ട്ടിയാണെടുക്കേണ്ടത്. ഞായറാഴ്ച കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സമാന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കൂടി ഇരുന്ന വേദിയിലായിരുന്നു തിരുവഞ്ചൂര്‍ സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തത്.
ഡിസംബര്‍ രണ്ടാം വാരം കോട്ടയത്ത് നടക്കുന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ മെഗാ സമ്മേളനത്തില്‍ മുന്നണി പ്രവേശമടക്കമുള്ള പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ചര്‍ച്ചക്ക് വരും. സോളാര്‍ വിഷയത്തില്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കളോടൊപ്പം ജോസ് കെ. മാണിയുടെ പേരും പുറത്ത് വന്നത് മാണിയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ഇടതു മുന്നണിയിലെ പുതിയ തര്‍ക്കങ്ങളും ദേശീയ അധ്യക്ഷനായി രാഹുല്‍ ഗാന്ധിയുടെ സ്ഥാനക്കയറ്റവും മറ്റും പ്രതീക്ഷയോടെയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം നോക്കി കാണുന്നത്. മാറി ചിന്തിക്കാന്‍ ഈ സാഹചര്യങ്ങള്‍ മാണിയേയും പ്രേരിപ്പിക്കുന്നുണ്ടെന്നാണ് വിവരം.
ബി.ജെ.പിയുമായി നേരത്തെ സഖ്യത്തിനുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ദേശീയ രാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങള്‍ കേരളത്തില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല എന്നാണ് മാണിയുടെ വിലിയിരുത്തല്‍. ഇതു കൂടി കണക്കിലെടുത്താണ് ഇത്തരം നീക്കങ്ങള്‍ സജീവമാക്കുന്നത്.

© 2024 Live Kerala News. All Rights Reserved.