നീലക്കുറിഞ്ഞി ഉദ്യാന പുനര്‍നിര്‍ണയം: കേന്ദ്രം ഉന്നതതല യോഗം വിളിക്കുമെന്ന് കുമ്മനം രാജശേഖരന്‍

നീലക്കുറിഞ്ഞി ഉദ്യാന വിഷയത്തില്‍ ഉന്നതതലയോഗം വിളിക്കണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധനുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടെന്ന് കുമ്മനം പറഞ്ഞു. ഈ വിഷയത്തില്‍ കേരളസര്‍ക്കാരിന് ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ലെന്നും കുമ്മനം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോട് കൂടി മാത്രമാണ് കേരള സര്‍ക്കാരിന് അവിടെ എന്തെങ്കിലും ചെയ്യാനാകൂ എന്നാണ് നിയമം. നിയമം കാറ്റില്‍ പറത്തിയാണ് മുഖ്യമന്ത്രി വീണ്ടും ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി അളന്ന് തിട്ടപ്പെടുത്തി അതിരുകളെല്ലാം മാറ്റി പുനര്‍നിര്‍ണയിക്കാന്‍ ശ്രമം നടന്ന് വരുന്നത്. ഇതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളതെന്നും കുമ്മനം പറഞ്ഞു.
അതിര്‍ത്തി പുനര്‍നിര്‍ണയ നടപടികളെ സംബന്ധിച്ച് ശുപാര്‍ശ തയ്യാറാക്കാന്‍ വനം വകുപ്പ് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനുള്ള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിരുന്നു. ഉദ്യനത്തിന്റെ ഭൂപരിധി 3000 ഏക്കര്‍ എന്ന് നേരത്തെ നിജപ്പെടുത്തിയത് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു ആക്ഷേപം. അതിനിടയില്‍ തീയിട്ട് നശിപ്പിച്ച 58ാം ബ്ലോക്കില്‍ വനംഉദ്യോഗസ്ഥരുടെ ഉന്നതതല സന്ദര്‍ശനം നടത്തി.

© 2024 Live Kerala News. All Rights Reserved.