നടി ആക്രമിക്കപ്പെട്ട കേസിലെ ചാനല്‍ ചര്‍ച്ചയ്ക്കെതിരെ പൊലീസ് കോടതിയിലേക്ക്. നടി ആക്രമിക്കപ്പെട്ട കേസില്‍ മാധ്യമങ്ങളുടെ ചര്‍ച്ചകള്‍ കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് കാണിച്ചാണ് പൊലീസ് കോടതിയെ സമീപിക്കുന്നത്.കുറ്റപത്രം ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും സാക്ഷികളുടെ പേരുകള്‍ ചര്‍ച്ചയായാല്‍ അവര്‍ സ്വാധീനിക്കപ്പെടുമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. ക്രിമിനല്‍ പ്രൊസീഡ്യുര്‍ കോഡ് 327 (3) വകുപ്പു പ്രകാരമാണ് പോലീസ് കോടതിയെ സമീപിക്കുന്നത്. കേസിന്റെ നടപടിക്രമങ്ങള്‍ രഹസ്യവിചാരണയിലൂടെയാവണമെന്നും പൊലീസ് പറയുന്നു.പൊലീസ് കോടതിയിൽ സമർപ്പിക്കുന്നതിന് മുന്‍പ് കേസിന്റെ കുറ്റപത്രം ചില മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത്തരം നടപടികള്‍ കേസിന്റെ തുടര്‍നടപടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് വിലയിരുത്തല്‍.ചാനല്‍ ചര്‍ച്ച വിലക്കണമെന്നാവശ്യപ്പെട്ട് അങ്കമാലി സെഷന്‍സ് കോടതിയെയാണ് പോലീസ് സമീപിക്കുന്നത്.