ആ കുരുന്ന് ജീവന് ആര് ഉത്തരം പറയും? റാലി നടത്തിയവരോ, അതോ തോന്നിയ പോലെ ഗതാഗതം നിയന്ത്രിച്ച പൊലീസോ?

രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പാണ് കോട്ടയം ജില്ലയിലെ കോടിമതയിലെ ഗതാഗതകുരുക്കില്‍ കുടുങ്ങി അഞ്ചു വയസ്സുകാരി ഐലിന്റെ ജീവന്‍ നഷ്ടപ്പെട്ടത്. ഗുളിക തൊണ്ടയില്‍ കുടുങ്ങിയ കുട്ടിയുമായി പോയ ആംബുലന്‍സ് കോടിമത പാലത്തിലെ ഗതാഗത കുരുക്കില്‍ കുടുങ്ങുകയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിയതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
ഈ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ പൊലീസ് മേധാവിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോട്ടയം നഗരത്തിലൂടെ ജാഥ കടന്നുപോയതിന്റെ ഫലമായിട്ടാണ് ഗതാഗതകുരുക്ക് ഉണ്ടായതെന്നാണ് ചില വാര്‍ത്തകള്‍ സൂചിപ്പിക്കുന്നതെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
22ന് രാവിലെ മംഗളം ദിനപത്രം പ്രസിദ്ധീകരിച്ച കോട്ടയത്തെ ഗതാഗത കുരുക്കിനെക്കുറിച്ചുള്ള വാര്‍ത്തയാണിത്. എന്നാല്‍, ഇതില്‍ കുട്ടിയുടെ മരണം സംബന്ധിച്ച പരാമര്‍ശങ്ങളൊന്നുമില്ല.

കുട്ടി മരിച്ച സംഭവത്തില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. രമേശ് ചെന്നിത്തല നയിച്ച പടയോട്ടം സംസ്ഥാന യാത്ര കോട്ടയത്ത് എത്തിയപ്പോഴുണ്ടായ ഗതാഗത കുരുക്കില്‍ കുട്ടി മരിച്ചുവെന്നാണ് നടന്ന പ്രചരണം. എന്നാല്‍, കുട്ടി മരിച്ചത് 21നാണെന്നും തന്റെ ജാഥ കോട്ടയത്ത് എത്തിയത് 22 നാണെന്നുമാണ് രമേശ് ചെന്നിത്തല പരാതിയില്‍ പറയുന്നത്. തനിക്കെതിരെ മനപൂര്‍വം പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരാഴ്ച്ചയോളമായി കോട്ടയത്ത് റോഡുപണി നടക്കുകയായിരുന്നു. ശാസ്ത്രിറോഡ് മുതല്‍ നാഗമ്പടം വരെയുള്ള സ്ഥലത്തായിരുന്നു വഴിയില്‍ പണി നടന്നിരുന്നത്. ഇതിനാല്‍ ഇവിടെ ഗതാഗതം വഴിതിരിച്ചു വിട്ടിരിക്കുകയായിരുന്നു. ഇതിന്റെ കൂടെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ടൗണില്‍ റാലി നടത്തിയതാണ് ഗതാഗത കുരുക്ക് രൂക്ഷമാകാന്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം. കോട്ടയം നഗരത്തില്‍ തുടങ്ങിയ കുരുക്ക് കോടിമത വരെ നീളുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.