സുശീല്‍കുമാര്‍ മോദിയെ വീട്ടില്‍ കയറി തല്ലുമെന്ന് ലാലുവിന്റെ മകന്‍

ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഭാര്യയ്ക്കു പിന്നാലെ ഭീഷണി പ്രസ്താവനയുമായി മകന്‍ തേജ് പ്രതാപ് യാദവും രംഗത്ത്. ബിഹാര്‍ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീല്‍കുമാര്‍ മോദിയ്‌ക്കെതിരേയാണ് തേജ് പ്രതാപിന്റെ ഭീഷണി.
സുശീല്‍ കുമാര്‍ മോദിയുടെ മകന്റെ വിവാഹവുമായി ബന്ധപ്പെടുത്തിയാണ് തേജിന്റെ പ്രസ്താവന. വിവാഹത്തിനു പോകുമോ എന്നു ചോദിച്ചപ്പോള്‍, വിവാഹത്തിനു പോയാല്‍ സുശീല്‍ കുമാര്‍ മോദിയെ അടിക്കേണ്ടി വരുമെന്നാണായിരുന്നു തേജ് പ്രതാപിന്റെ മറുപടി.
ഉപമുഖ്യമന്ത്രിയുടെ വീട്ടില്‍ കയറി അദ്ദേഹത്തെ മര്‍ദ്ദിക്കുമെന്നാണ് അദ്ദേഹം ഭീഷണി മുഴക്കിയത്. ആര്‍.ജെ.ഡി നടത്തുന്ന യുദ്ധം അവസാനിപ്പിച്ചിട്ടില്ല. അത് തുടരുകയാണ്. അതിനെതിരായ നിലപാട് സ്വീകരിച്ചാല്‍ മോദിയുടെ വസതിയില്‍ കയറി അദ്ദേഹത്തെ മര്‍ദ്ദിക്കാന്‍ മടിക്കില്ല. ഔറംഗാബാദില്‍ നടന്ന ഒരു പൊതുസമ്മേളനത്തിലാണ് തേജ് പ്രതാപ് ഭീഷണി മുഴക്കിയത്. എന്നാല്‍ നിരാശയുടെ ഫലമായിട്ടാണ് തേജ് പ്രതാപ് ഇത്തരത്തിലുള്ള ഭീഷണി മുഴക്കിയതെന്നാണ് ഇതുസംബന്ധിച്ച ചോദ്യത്തോട് സുശീല്‍കുമാര്‍ മോദി പ്രതികരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയായിരുന്നു ലാലുവിന്റെ ഭാര്യയും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്‌വി ദേവിയുടെ ഭീഷണി. മോദിയുടെ കഴുത്ത് അരിയാന്‍ വരെ ബിഹാറില്‍ ആളുണ്ടെന്നായിരുന്നു റാബ്‌വിയുടെ പരാമര്‍ശം.

© 2024 Live Kerala News. All Rights Reserved.