നാവികസേനയുടെ വിമാനം തകര്‍ന്നുവീണു

കൊച്ചി > നാവികസേനയുടെ പൈലറ്റില്ലാ വിമാനം വെല്ലിങ്ടണ്‍ ഐലന്‍ഡിലെ അതീവസുരക്ഷാ മേഖലയില്‍ തകര്‍ന്നുവീണു. തൊട്ടടുത്തുള്ള നാവികസേനാ വിമാനത്താവളത്തില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എത്തുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് നടന്ന അപകടം സുരക്ഷാഏജന്‍സിയെ ഞെട്ടിച്ചു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇല്ല.

ചൊവ്വാഴ്ച പകല്‍ 10.25ന് നാവിക വിമാനത്താവളമായ ഐഎന്‍എസ് ഗരുഡയില്‍നിന്ന് നിരീക്ഷണപറക്കലിനായി ഉയര്‍ന്ന വിമാനം നിമിഷങ്ങള്‍ക്കകം നിലംപതിച്ചു. ഐലന്‍ഡില്‍ സ്വകാര്യസ്ഥാപനങ്ങള്‍ പാട്ടത്തിനെടുത്ത സ്ഥലത്ത് സ്ഥാപിച്ച ഇന്ധനടാങ്കുകള്‍ക്ക് മുകളിലെത്തിയപ്പോഴാണ് നിയന്ത്രണം നഷ്ടമായത്. വീഴുന്നതിനിടെ വിമാനം ഒരു ടാങ്കില്‍ ഇടിച്ചെങ്കിലും ഇന്ധനം ഇല്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി. നിമിഷങ്ങള്‍ക്കകം നാവികസേനാ അധികൃതര്‍ വിമാനാവശിഷ്ടങ്ങള്‍ മാറ്റി.

തുടര്‍ച്ചായി എട്ടുമണിക്കൂര്‍ പറക്കാന്‍ ശേഷിയുള്ള ഈ വിമാനം കടലിലും കരയിലും നിരീക്ഷണം നടത്താനാണ് ഉപയോഗിച്ചിരുന്നത്. യന്ത്രത്തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചതായി നാവികസേന അറിയിച്ചു. നാലുവര്‍ഷം മുമ്പ് ഇതിനടുത്ത് വാത്തുരുത്തി റെയില്‍വേ ട്രാക്കിലും പൈലറ്റില്ലാ വിമാനം തകര്‍ന്നുവീണിരുന്നു.

© 2024 Live Kerala News. All Rights Reserved.