നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ദിലീപ് എട്ടാം പ്രതി.

കൊച്ചി > നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കി അന്വേഷണ സംഘം അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു . 14 പ്രതികളുള്ള കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചത് .

പൊലീസുകാരനായ അനീഷ്, പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിപിന്‍ലാല്‍ എന്നിവരെ മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്. നടി മഞ്ജുവാര്യരെ സാക്ഷിയാക്കും. ദിലീപ് അടക്കമുള്ള ആദ്യ എട്ടുപ്രതികള്‍ക്ക് കൂട്ടബലാല്‍സംഗകുറ്റം ചുമത്തിയിട്ടുണ്ട്.

എട്ടുമുതല്‍ 12 വരെയുള്ള പ്രതികള്‍ക്ക് ഗൂഢാലോചന കുറ്റവും ചുമത്തി. ഒന്നു മുതല്‍ എഴുവരെയുള്ള പ്രതികളാണ് കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തത്. 385 സാക്ഷികളും 12 രഹസ്യമൊഴികളും 450ല്‍ അധികം രേഖകളുമുള്ളതാണ് കുറ്റപത്രം. പള്‍സര്‍ സുനിക്ക് അകമ്പടിപോയ പൊലീസുകാരനാണ് അനീഷ്. സുനി ദിലീപിനെ വിളിച്ചത് അനീഷിന്‍റെ ഫോണില്‍നിന്നാണെന്നു കണ്ടെത്തിയിരുന്നു.

സുനിക്കുവേണ്ടി ജയിലില്‍നിന്നു കണ്ടെത്തഴുതിയത് വിപിന്‍ലാല്‍ ആയിരുന്നു. കേസില്‍ അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരും പ്രതികളാണ്. ആദ്യ കുറ്റപത്രത്തിലെ പ്രതികളെ അതുപോലെ നിലനിര്‍ത്തും.പള്‍സര്‍ സുനി, വിജീഷ്, മണികണ്ഠന്‍, വടിവാള്‍ സലീം, മാര്‍ട്ടിന്‍, പ്രദീപ്, ചാര്‍ലി, ദിലീപ്, മേസ്തിരി സുനില്‍, വിഷ്ണു, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണു പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

നടിയെ ആക്രമിക്കാന്‍ ദിലീപ് വാടക ഗുണ്ടകളെ ഉപയോഗിച്ചുവെന്നും ഇതില്‍ ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ഉള്‍പ്പെട്ടിട്ടുന്നുെമാണ് പ്രോസിക്യൂഷന്‍ വാദം. കഴിഞ്ഞ ജൂലൈ പത്തിനാണ് നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുന്ന ദിലീപിന് ഇന്നലെ നാലു ദിവസത്തേക്ക് വിദേശത്ത് പോകാനുള്ള അനുവാദവും കൊടുത്തിരുന്നു.

© 2024 Live Kerala News. All Rights Reserved.