‘ഞെക്കിക്കൊന്നോളൂ പക്ഷെ ശ്വാസം മുട്ടിച്ച് കൊല്ലരുത്’; സിനിമ വിട്ടത് രാഷ്ട്രീയം കൊണ്ടല്ല, കാരണം വെളിപ്പെടുത്തി സൂപ്പര്‍സ്റ്റാര്‍ സുരേഷ്ഗോപി

2015ല്‍ റിലീസ് ചെയ്ത മൈ ഗോഡ് എന്ന സിനിമയ്ക്ക് ശേഷം സുരേഷ് ഗോപി സനിമയില്‍ അഭിനയിച്ചിട്ടില്ല. പിന്നീട് ടെലിവിഷന്‍ പരിപാടികളിലൂടെ സജീവമായി രാഷ്ട്രീയരംഗത്തെത്തുകയും ചെയ്തു. സിനിമ വിടാന്‍ തനിക്കൊരു കാരണമുണ്ടായിരുന്നെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഞെക്കിക്കൊന്നോളൂ പക്ഷെ ശ്വാസം മുട്ടിച്ച് കൊല്ലരുതെന്നാണ് സുരേഷ് ഗോപി തനിക്കുണ്ടായ അനുഭവത്തെപ്പറ്റി ഒരു പൊതുവേദിയില്‍ പറഞ്ഞത്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ബയോകെമിസ്ട്രി അനലൈസറിന്റെ സമര്‍പവും ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കവേയാണ് അദ്ദേഹം വികാരാധീനനായത്. സുരേഷ് ഗോപി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ ഉപകരണമാണിത്.
‘സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്ന സമയത്താണ് ചാനല്‍ റിയാലിറ്റി ഷോയില്‍ അവതാരകനായത്. എന്നാല്‍ അത് ഹിറ്റായതോടെ ചില സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഫിലിം ചേംബറും നിര്‍മാതാക്കളുടെ സംഘടനയും ആ പരിപാടി അവതരിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ജനങ്ങളുമായി നന്നായി സംവദിക്കാന്‍ കഴിയുന്ന പരിപാടി ഒഴിവാക്കാന്‍ തയ്യാറായില്ല. അതോടെ സിനിമ ചെയ്യാന്‍ നിയന്ത്രണമേര്‍പ്പെടുത്തി. അങ്ങനെ സിനിമ വേണ്ടെന്ന് വച്ച് ആ പരിപാടിയില്‍ ഞാന്‍ സജീവമാകുകയായിരുന്നു.സുരേഷ് ഗോപി പറഞ്ഞു.

‘മനുഷ്യരുമായി വളരെയേറെ സംവദിക്കാന്‍ ഇതിലൂടെ കഴിഞ്ഞു. സാധാരണക്കാരുടെ വേദനയും പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാമറിഞ്ഞു. ആ പ്ലാറ്റ് ഫോമിലിരുന്നപ്പോള്‍ വല്ലാത്തൊരു അനുഭവമായിരുന്നു. അതുകൊണ്ട് തന്നെ സിനിമകള്‍ നഷ്ടപ്പെട്ടതില്‍ വേദനയില്ല.’ സുരേഷ് ഗോപി വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.