തല്‍വീര്‍ ഭണ്ഡാരി അന്താരാഷ്ട്ര നീതിന്യായ കോടതി ജഡ്ജി

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ(ഐസിജെ) ജഡ്ജിയായി ഇന്ത്യക്കാരനായ തല്‍വീര്‍ ഭണ്ഡാരി തെരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ബ്രിട്ടന്റെ ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡ് അവസാന നിമിഷം പിന്മാറിയതോടെയാണ് 70 കാരനായ ഭണ്ഡാരിയുടെ ഏകപക്ഷീയ വിജയം. രണ്ടാം തവണയാണ് ഭണ്ഡാരി ഐസിജെയുടെ ജഡ്ജിയായി തെരഞ്ഞെടുക്കപ്പെടുന്നത്.
15 അംഗങ്ങളുള്ള ബെഞ്ചിലെ അവസാന ഒഴിവിലേക്കായിരുന്നു മത്സരം നടന്നത്. ഇന്ത്യയുടെ തല്‍വീര്‍ ഭണ്ഡാരിയും ബ്രിട്ടന്റെ ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡുമാണ് അവസാന ഘട്ട പോരാട്ടത്തിനുണ്ടായിരുന്നത്. നേരത്തേ 11 തവണ യുഎന്‍ പൊതുസഭയില്‍ വോട്ടെടുപ്പു നടന്നപ്പോള്‍ ഇന്ത്യയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. ഭണ്ഡാരിക്ക് ആകെയുള്ള 193 പേരില്‍ 70 അംഗങ്ങളുടെ പിന്തുണ ലഭിച്ചപ്പോള്‍ 50 പേരാണ് ഗ്രീന്‍വുഡിനെ പിന്തുണച്ചത്. പൊതുസഭയില്‍ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് ഗ്രീന്‍വുഡിന്റെ പിന്മാറ്റം. 1945 ല്‍ രൂപീകൃതമായ രാജ്യാന്തര നീതിന്യായ കോടതിയിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ബ്രിട്ടന് ജഡ്ജിയില്ലാതാകുന്നത്.

തല്‍വീര്‍ ഭണ്ഡാരിയുടെ നേട്ടം ഇന്ത്യയ്ക്ക് അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.സുപ്രീം കോടതിയില്‍ സീനിയര്‍ ജഡ്ജിയായിരിക്കെയാണ് ഭണ്ഡാരി ആദ്യതവണ അന്താരാഷ്ട്ര കോടതിയില്‍ മത്സരിക്കാനെത്തിയത്. 2018 ഫെബ്രുവരി അഞ്ചിന് കാലാവധി അവസാനിക്കാനിരിക്കെയാണ് അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.9 വര്‍ഷമാണ് ഐസിജെ അംഗങ്ങളുടെ കാലാവധി

© 2024 Live Kerala News. All Rights Reserved.