ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ ആദ്യ പട്ടികയായി; 77ല്‍ 20 സീറ്റുകള്‍ പാട്ടീദാര്‍മാര്‍ക്ക്

ആദ്യഘട്ട ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 77 അംഗ സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ 20പേര്‍ പാട്ടീദാര്‍ സമുദായത്തില്‍ നിന്നുമുള്ളവരാണ്.പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള 11 പേരെയും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും 7 പേരെയും ഉള്‍പ്പെടുത്തി സാമുദായിക സംവരണ സമവാക്യങ്ങളെ തൃപ്തിപ്പെടുത്തിക്കൊണ്ടാണ് കോണ്‍ഗ്രസ് ഇക്കുറി ബിജെപിക്കെതിരെ പോരാട്ടത്തിനൊരുങ്ങുന്നത്.
പാട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാവ് ഹര്‍ദിക് പട്ടേല്‍ 20 പേര്‍ക്ക് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രാതിനിധ്യം വേണമെന്നും ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍ 11 പേരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംവരണം സംബന്ധിച്ച് പാട്ടീദാര്‍ സമുദായ നേതാക്കളുമായി ധാരണയിലെത്തിയെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടത്. ഞായറാഴ്ച വൈകിട്ട് നടന്ന പാട്ടീദാര്‍- കോണ്‍ഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം സംവരണം സംബന്ധിച്ച് ഗാരണയിലെത്തിയതായി പാട്ടീദാര്‍ നേതാവ് ദിനേഷ് ബംഭാനിയയും വ്യക്തമാക്കിയിരുന്നു.

23 വര്‍ഷമായി ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ അധികാരം പിടിച്ചടക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്കാണ് പട്ടേല്‍ സമുദായം പിന്തുണ നല്‍കുന്നത്. ബിജെപിയെ അധികാര കസേരയില്‍ നിന്നും താഴെയിറക്കാനാണ് തങ്ങള്‍ കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കുന്നതെന്ന് ഒബിസി-ദളിത്-ഏക്താ മഞ്ച് നേതാവ് അല്‍പേഷ് ഠാക്കൂര്‍ വ്യക്തമാക്കിയിരുന്നു. ദളിത് നേതാവായ ജിഗ്നേഷ് മേവാനിയും ബിജെപിക്കെതിരെ ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്.
അതേസമയം, സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് രണ്ട് പാട്ടീദാര്‍ നേതാക്കളെ ഒഴിവാക്കിയെന്നാരോപിച്ച് ഒരു സംഘം പാട്ടീദാര്‍ സമുദായ അംഗങ്ങള്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചിരുന്നു. നേതാക്കളുടെ സമ്മതമില്ലാതെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പേരുകള്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ആരോപിച്ചായിരുന്നു ഞായറാഴ്ച രാത്രി സൂറത്തിലെ കോണ്‍ഗ്രസ് ഓഫീസിനു നേരെ ആക്രമണമുണ്ടായത്. തങ്ങളുടെ അനുമതിയില്ലാതെയാണ് കോണ്‍ഗ്രസ് പേരുകള്‍ പ്രഖ്യാപിച്ചതെന്നും പാര്‍ട്ടിയ്‌ക്കെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പാട്ടീദാര്‍ നേതാവ് ദിനേഷ് ബംഭാനിയ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.