രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക്; ഡിസംബര്‍ നാലിന് ഔദ്യോഗീക പ്രഖ്യാപനം; ‘ലക്ഷ്യം ഗുജറാത്ത് തെരഞ്ഞെടുപ്പ്’

അധികരാമറ്റത്തിന് പച്ചക്കൊടി വീശിയതോടെ രാഹുല്‍ ഗാന്ധി ഡിസംബര്‍ നാലിന് കോണ്‍ഗ്രസ് അദ്ധ്യക്ഷനാകും. അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നാലാം തിയ്യതി വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. എന്നാല്‍ മത്സര രംഗത്ത് മറ്റാരും ഉണ്ടാവില്ലെന്നുറപ്പായതിനാല്‍ അന്നുതന്നെ രാഹുലിനെ അദ്ധ്യക്ഷനായി പ്രഖ്യാപിക്കും. മത്സര രംഗത്തേക്ക് സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ ഡിസംബര്‍ 16ന് തിരഞ്ഞെടുപ്പ് നടത്തും. 19ന് ഫലം പ്രഖ്യാപിക്കും. ഡിസംബര്‍ 31നകം തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കും.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക വസതിയായ 10, ജന്‍പഥില്‍ ഇന്നു ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി യോഗത്തിലാണ് രാഹുലിന്റെ അധ്യക്ഷനാക്കുന്നതിനുള്ള പ്രമേയം യോഗത്തില്‍ പാസാക്കിയത്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് രാഹുലിനെ അദ്ധ്യക്ഷ സ്ഥാനത്ത് എത്തിക്കുക എന്നതാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. ഡിസംബര്‍ ഒന്‍പതിനാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ്.

പ്രവര്‍ത്തക സമിതിയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് തിയ്യതി പ്രഖ്യാപിച്ചത്. പ്രവര്‍ത്തക സമിതിയംഗങ്ങളെ കൂടാതെ പ്രത്യേക ക്ഷണിതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു. രാഹുല്‍ ഗാന്ധി ഒഴിയുന്ന ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയെ പരിഗണിച്ചേക്കും. സോണിയാഗന്ധി അനാരോഗ്യ കാരണങ്ങളാലാണ് നേതൃസ്ഥാനങ്ങളില്‍ നിന്നും ഒഴിയുന്നത്. ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് പാര്‍ട്ടി തകര്‍ച്ചയെ അഭിമുഖീകരിച്ച 1998ലാണ് സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തുന്നത്. കഴിഞ്ഞ 19 വര്‍ഷമായി അവര്‍ക്ക് പാര്‍ട്ടിയില്‍ എതിരാളികളുണ്ടായിരുന്നില്ല.

© 2024 Live Kerala News. All Rights Reserved.