വാക്സിന്‍ കുത്തിവെയ്പ്പിനെതിരെ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് മന്ത്രി ശൈലജ; ‘മലപ്പുറം ജില്ല ബാലികേറാമലയല്ല’

റൂബെല്ല വാക്സിന്‍ കുത്തിവെയ്പ്പിനെതിരെ പ്രചരണം നടത്തുന്നവരുടെ പേരില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ഇതിനായി സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ടെന്നും മലപ്പുറം ജില്ലാ ബാലികേറാമല അല്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 76 ലക്ഷം കുട്ടികള്‍ക്കും വാക്സിന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്. നിലവില്‍59 ലക്ഷം കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കിയിട്ടുണ്ട്. മലപ്പുറം ജില്ലയാണ് കുത്തിവെയ്പ്പില്‍ ഏറ്റവും പിന്നിലുള്ളത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 56.44 ശതമാനം കുട്ടികളാണ് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടുള്ളത്. മലപ്പുറത്ത് കൂടുതല്‍ ബോധവത്കരണ പ്രചരണ പരിപാടികള്‍ നടത്തി കര്‍മ്മപദ്ധതി രൂപീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പദ്ധതി ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാനത്തെ 11 ജില്ലകളില്‍ റൂബെല്ല വാക്സിന്‍ കുത്തിവെയ്പ്പ് ഈ മാസം 25 വരെ നീട്ടിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലാണ് പദ്ധതി നീട്ടിയിരിക്കുന്നത്. റുബെല്ല വാക്‌സിന്‍ കുത്തിവെയ്പ്പിനെതിരെ മലപ്പുറം ജില്ലയില്‍ വ്യാപക പ്രചരണമാണ് നടന്നിരുന്നത്.

Story Tracker

© 2024 Live Kerala News. All Rights Reserved.