കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഗൗരി നേഹയുടെ മരണവുമായി ബന്ധപ്പെട്ട് ട്രിനിറ്റി ലൈസിയം സ്‌കൂളിലെ അധ്യാപിക സിന്ധു പോളിനെ പൊലീസ് ചോദ്യം ചെയ്തു. കൊല്ലം ഡിസിആര്‍ബി ഓഫീസില്‍ പ്രത്യേകം സജ്ജമാക്കിയ മുറിയിലായിരുന്നു ചോദ്യം ചെയ്യല്‍. സിന്ധു പോളില്‍ നിന്നും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. ചില ചോദ്യങ്ങള്‍ക്കുള്ള മറുപടി തൃപ്തികരമല്ലെന്നാണ് വിവരം.
ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു അധ്യാപികയെ പൊലീസ് ചോദ്യം ചെയ്തത്. ഗൗരിയുടെ മരണത്തില്‍ താന്‍ തെറ്റുകാരിയല്ലെന്ന് സിന്ധു പോള്‍ മൊഴി നല്‍കി. ക്ലാസില്‍ നിന്നും ഗൗരിയെ എന്തിന് വിളിച്ചുകൊണ്ടുപോയി എന്നതിന് അധ്യാപിക തൃപ്തികരമായ മറുപടിയല്ല നല്‍കിയതെന്നാണ് സൂചന.
പൊലീസിന്റെ കൈവശമുള്ള സിസിടിവി ദൃശ്യങ്ങളിലെ സംഭവങ്ങളും അധ്യാപികയുടെ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടോ എന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കും. ചോദ്യങ്ങളും അതിന് അധ്യാപിക നല്‍കിയ മറുപടികളും ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. വിശദമായ ചോദ്യംചെയ്യല്‍ തുടര്‍ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
അധ്യാപികമാരായ സിന്ധു പോളിന്റേയും ക്രസന്റിന്‍േയും മാനസിക പീഡനം മൂലം ഗൗരി ജീവനൊടുക്കുകയായിരുന്നുവെന്ന മാതാപിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. ഏറെ നാള്‍ ഒളിവില്‍ കഴിഞ്ഞ അധ്യാപികമാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് അധ്യാപിക കൊല്ലം ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോക്ക് മുന്‍പാകെ ഹാജരായത്.