നടിയെ ആക്രമിച്ച കേസില്‍ ദിലീപ് എട്ടാം പ്രതി; കുറ്റപത്രം ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും; ‘ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് പ്രോസിക്യൂഷന്‍’

നടിയെ ആകമിച്ച കേസില്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കും. കുറ്റപത്രത്തില്‍ ദിലീപ് ഉള്‍പ്പെടെ ആകെ 11 പ്രതികളാണുള്ളത്. 321 സാക്ഷികളും 423 രേഖകളുമാണ് പൊലീസ് കുറ്റപത്രത്തില്‍ ഉള്ളത്. നിലവില്‍ നിരവധി സാക്ഷികള്‍ കൂറുമാറിയതിനാല്‍ ദിലീപിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടും.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി കോടതിയെ സമീപിച്ചിരുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ‘ദേ പുട്ടിന്റെ’ ദുബൈയിലെ ശാഖാ ഉദ്ഘാടനത്തിന് പോകുന്നതിനുവേണ്ടിയാണ് ജാമ്യവ്യവസ്ഥയില്‍ ഇളവു തേടിയിരിക്കുന്നത്. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയ സാഹചര്യത്തിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്.

നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ ദിലീപിന് ജാമ്യം അനുവദിച്ചപ്പോള്‍ പാസ്പോര്‍ട്ട് വിചാരണക്കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഒക്ടോബര്‍ ഏഴിന് ദിലീപ് പാസ്പോര്‍ട്ട് അങ്കമാലി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി. ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

© 2024 Live Kerala News. All Rights Reserved.