മുൻമന്ത്രി എകെ ശശീന്ദ്രൻ ഉൾപ്പെട്ട അശ്ലീല ഫോണ് സംഭാഷണ കേസ് ആന്റണി കമ്മീഷൻ റിപ്പോർട്ട് ചൊവ്വാഴ്ച സർക്കാരിനു സമർപ്പിക്കും. കമ്മീഷന്റെ കാലാവധി ഡിസംബർ 31ന് അവസാനിക്കാനിരിക്കെയാണ് കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുന്നത്.
17 സാക്ഷികളെ വിസ്തരിക്കുകയും 60 രേഖകൾ പരിശോധിക്കുകയും ചെയ്തതിനു ശേഷമാണ് കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുന്നത്. കായൽ കൈയേറ്റ വിഷയത്തിൽ ആരോപണ വിധേയനായതിനെ തുടർന്നു മന്ത്രി തോമസ് ചാണ്ടി രാജിവച്ചതിനാൽ ശശീന്ദ്രന് ഈ റിപ്പോർട്ട് നിർണായകമാണ്. ലൈംഗികാരോപണത്തിൽപ്പെട്ട ശശീന്ദ്രൻ കുറ്റവിമുക്തനായാൽ മന്ത്രിസഭയിലേക്കു തിരിച്ചുവരുമെന്ന് മുഖ്യമന്ത്രിയും എൻസിപിയും വ്യക്തമാക്കിയിട്ടുണ്ട്.
എകെ ശശീന്ദ്രനെതിരേ തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയും ഇതിലെ തുടർ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ടു ചാനൽ പ്രവർത്തക കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് ഒത്തുതീർന്നെന്നും ഈ സാഹചര്യത്തിൽ പരാതിയും തുടർനടപടികളും റദ്ദാക്കണമെന്നുമാണ് ഇപ്പോൾ നൽകിയ ഹർജിയിലെ പ്രധാന ആവശ്യം.