മൂഡീസ് റേറ്റിങില്‍ മുന്നിലായതുകൊണ്ട് കൊട്ടിഘോഷിക്കാനൊന്നുമില്ല ; സീതാറാം യെച്ചൂരി

മൂഡീസ് റേറ്റിങില്‍ ഇന്ത്യ മുന്നിലെത്തിയത് കൊട്ടിഘോഷിച്ചു നടക്കേണ്ട കാര്യമൊന്നുമല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മറ്റെല്ലാ അന്താരാഷ്ട്ര റേറ്റിങ് പട്ടികകളിലും ഇന്ത്യ പിന്‍നിരയിലാണ് പിന്നെ എങ്ങനെ മൂഡീസ് പട്ടികയിലെ സ്ഥാനം കൊണ്ട് മാത്രം ഇന്ത്യ മുന്നിലെത്തിയെന്ന് പറയാനാവും- യെച്ചൂരി ചോദിക്കുന്നു.കൊല്‍ക്കത്തയിലെ പാര്‍ട്ടി പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂഡീസ് ഏജന്‍സി റേറ്റിങ് ഉപയോഗിച്ച് ഇന്ത്യ സാമ്പത്തിക പരിഷ്‌കരണത്തിവും വികസനത്തിലും വളരെയധികം മുന്നിലാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.എന്താണ് ഈ റേറ്റിങ്ങ് കൊണ്ട് ഉദ്ദേശിക്കുന്നത് ? വ്യവസായികള്‍ക്കും നിക്ഷേപകര്‍ക്കും കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ കഴിയുന്ന രാജ്യം എന്നാണ് ഈ റേറ്റിങ് ലഭിച്ചതിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നതെന്നും യെച്ചൂരി പറഞ്ഞു.

–– ADVERTISEMENT ––

നിക്ഷേപകരുടെ ലാഭവര്‍ധനവ് സൂചിപ്പിക്കുന്നത് തൊഴിലാളികള്‍ക്കുമേലുള്ള സമ്മര്‍ദം കൂടിയാണ്. ഇത് എങ്ങനെ ആഘോഷിക്കാനുള്ള കാരണമാകുമെന്നും യെച്ചൂരി ചോദിച്ചു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്‍മുറക്കാരനായി വളരാന്‍ ശ്രമിക്കുകയാണ് ഇപ്പോള്‍ ഇന്ത്യ- യെച്ചൂരി അഭിപ്രായപ്പെട്ടു.
ചില അന്താരാഷ്ട്ര സൂചികകളില്‍, വിദ്യാഭ്യാസത്തിന്റെയും, ദാരിദ്രനിര്‍മ്മാര്‍ജ്ജനത്തിന്റെയും, തൊഴിലിന്റെയും കാര്യത്തില്‍ ബംഗ്ലാദേശിനെക്കാള്‍ പുറകിലാണ് ഇന്ത്യയെന്നും യെച്ചൂരി പറഞ്ഞു.
13 വര്‍ഷങ്ങള്‍ക്കുശേഷമാണ് മൂഡീസ് റേറ്റിങ് ഏജന്‍സി ഇന്ത്യയുടെ റേറ്റിങ് വര്‍ധിപ്പിക്കുന്നത്. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇന്ത്യയില്‍ വളര്‍ച്ചയുണ്ടാക്കി എന്ന കാരണത്താലാണിത്. ‘ബിഎഎ 3 ‘യില്‍ നിന്നു റേറ്റിങ് ‘ബിഎഎ 2’ ആയും സാമ്പത്തികനില സംബന്ധിച്ച കാഴ്ചപ്പാട് ‘പോസിറ്റീവ’് എന്ന നിലയില്‍നിന്നു ‘സുസ്ഥിരം’ എന്നതിലേക്കുമാണ് ഉയര്‍ത്തിയത്. മികച്ച റേറ്റിങ്ങ് ഉള്ള രാജ്യത്തു നിക്ഷേപം നടത്താന്‍ രാജ്യാന്തര നിക്ഷേപകരും സ്ഥാപനങ്ങളും തയ്യാറാകുമെന്നതാണ് മുഖ്യ ആകര്‍ഷണം.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കാന്‍ വൈകിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കാണിക്കുന്ന അലംഭാവത്തെയും സീതാറാം യെച്ചൂരി വിമര്‍ശിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പുറത്തുവരുന്ന അഴിമതികഥകളെക്കുറിച്ചുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ ചോദ്യങ്ങള്‍ ഭയന്നിട്ടാണ് മോഡി സമ്മേളനം വിളിക്കാന്‍ വൈകിക്കുന്നതെന്നും യെച്ചൂരി ആരോപിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ അനന്തരഫലം ആയിരിക്കും പാര്‍ലമെന്റ് നടപടികളില്‍ പ്രതിഫലിക്കുക, അതൊട്ടും ബിജെപിക്ക് ഗുണകരമായിരിക്കുകയില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.