സി.പി.ഐ.എം- സി.പി.ഐ സംഘര്‍ഷം ഭരണപ്രതിസന്ധി ഉണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന ഭരണം ഇപ്പോള്‍ ഐ.സി.യുവിലാണ്. ഇതിന് അടിയന്തിര ചകിത്സ നല്‍കിയില്ലെങ്കില്‍ രോഗി മരിക്കുന്ന സ്ഥിതിയാണ്. ട്രഷറിപോലും പൂട്ടേണ്ട അവസ്ഥ വന്നു. കോണ്‍ഗ്രസിന്റെ ‘പടയൊരുക്കം’ യാത്ര തുടങ്ങിയപ്പോള്‍ തന്നെ ഇടതുമുന്നണിയില്‍ പടയൊരുക്കം തുടങ്ങി. ഇടതുമുന്നണിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐയിലെ പോര് മുറുകിയ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ച നടപടിയെ വിമര്‍ശിച്ച പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മയിലിന്റെ നിലപാടിനെ തള്ളി സിപിഐ സംസ്ഥാന നേതൃത്വം രംഗത്തെത്തിയിരുന്നു. ഇസ്മയിലിന് സംഘടനാ രീതികളിലുള്ള അറിവില്ലായ്മയാണ് ഇത്തരത്തിലുള്ള പ്രതികരണത്തിന് കാരണമെന്ന് അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. ഇസ്മയിലിന്റെ വിമര്‍ശനം ജാഗ്രതക്കുറവുമൂലമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സിപിഐയിലെ എല്ലാവരും അറിഞ്ഞല്ല മന്ത്രിമാര്‍ കാബിനറ്റ് യോഗം ബഹിഷ്‌കരിച്ചതെന്നും തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡിന് താന്‍ എംപിയായിരുന്നപ്പോള്‍ ഫണ്ട് അനുവദിച്ചത് പാര്‍ട്ടി നേതൃത്വം അറിഞ്ഞു തന്നെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.