വീണ്ടും നിയമലംഘനം; പി വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെ

കക്കാടം പൊയിലില്‍ പ്രവര്‍ത്തിക്കുന്ന പി വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിന് ആരോഗ്യ വകുപ്പിന്റെ അനുമതിയില്ല. പാര്‍ക്കിനായി ആരോഗ്യവകുപ്പ് എന്‍ഒസി അനുവദിച്ചിട്ടില്ലെന്നാണ് പുതിയ വിവരാവകാശ രേഖ തെളിയിക്കുന്നത്. കോഴിക്കോട് ഡിഎംഒ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചതായാണ് വിവരം.
ദിവസവും നിരവധിയാളുകളാണ് പാര്‍ക്കിലെത്തുന്നത്. പ്രധാനമായും വെള്ളവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കന്ന സ്ഥാപനത്തിന് ആരോഗ്യ വകുപ്പിന്റെ അനുമതി വേണമെന്നിരിക്കെയാണ് എംഎല്‍എയുടെ നിയമ ലംഘനം. വാട്ടര്‍ തീം പാര്‍ക്കിന്റെ നിയമലംഘനം സംബന്ധിച്ച് ഇതിന് മുന്‍പും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.

എംഎല്‍എയുടെ നികുതി വെട്ടിപ്പ് സംബന്ധിച്ച് കഴിഞ്ഞ ദിവസം വിവരങ്ങള്‍ പുറത്തുവന്നിരുന്നു. രണ്ട് അമ്യൂസ്‌മെന്റ് പാര്‍ക്കുകളും നാല് വില്ലാ പ്രൊഡക്ടുകളും ഉള്‍പ്പെടെയുള്ള എംഎല്‍എ കഴിഞ്ഞ പത്ത് വര്‍ഷമായി നികുതി അടക്കുന്നില്ല എന്ന വിവരമാണ് പുറത്തുവന്നത്. ആസ്തിക്കനുസരിച്ചുള്ള നികുതി അന്‍വര്‍ അടയ്ക്കുന്നില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. നികുതി വരുമാനം മനപൂര്‍വം മറച്ചുവെച്ചതായും വാര്‍ഷിക വരുമാനമായി നാല് ലക്ഷം രൂപ മാത്രമാണ് കാണിച്ചിരുന്നതെന്നും വ്യക്തമായിരുന്നു. അന്വേഷണത്തിന്റെ ആദ്യപടിയായി എംഎല്‍എക്ക് നോട്ടീസ് അയക്കാനാണ് തീരുമാനം.

© 2024 Live Kerala News. All Rights Reserved.