സെല്‍ഫിയെടുത്ത് മമ്മുട്ടി; സൈക്കിള്‍ ചവിട്ടി സല്‍മാന്‍ ഖാന്‍; ചിരി മായാതെ സച്ചിന്‍: കളിയുടെ പൊടി പൂരത്തിന് കിടിലന്‍ തുടക്കം

മലയാളി ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇതുവരെ കാണാത്ത കിടിലന്‍ കാഴ്ചയൊരുക്കി ഐഎസ്എല്‍ ഉദ്ഘാടന ചടങ്ങ്. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും കത്രീന കൈഫും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും തിളങ്ങി നിന്ന ചടങ്ങില്‍ മലയാളത്തിന്റെ പ്രതിനിധിയായി മമ്മുട്ടിയും എത്തിയതോടെ മഞ്ഞക്കടലായ ഗ്യാലറിയില്‍ ഇരമ്പം കൂടി. കേരള ബ്ലാസ്റ്റേഴ്‌സും എടികെയും തമ്മിലാണ് ആദ്യ പോര്. മൂന്ന് മണിയോടെ ഗ്യാലറിയിലേക്കെത്തിയ ആരാധകരെ ഉഗ്രന്‍ ഉദ്ഘാടനച്ചടങ്ങോടെ ഐഎസ്എല്‍ നടത്തിപ്പുകാര്‍ തൃപ്തരാക്കി.

കഴിഞ്ഞ സീസണിന്റെ ഫൈനലില്‍ കൊല്‍ക്കത്തയോടുള്ള കണക്കു തീര്‍ത്ത് തുടങ്ങാന്‍ ജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്‌റ്റേഴ്‌സ് ആലോചിക്കുന്നില്ല. എ.ടി.കെയുടെ ശക്തമായ പ്രതിരോധമതില്‍ തുളച്ച് അകത്തുകടക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകന്‍ റെനി മ്യൂലെന്‍സ്റ്റീന്‍ പറഞ്ഞിരുന്നു.

സൂപ്പര്‍ താരങ്ങളായ ബെര്‍ബറ്റോവ്, ഇയാന്‍ ഹ്യൂം, സികെ വിനീത്, റിനോ ആന്റോ തുടങ്ങിയ താരങ്ങള്‍ ആദ്യ പതിനൊന്നില്‍ ഇടം നേടിയിട്ടുണ്ട്. പോള്‍ സ്റ്റീഫന്‍ വല കാക്കുമ്പോള്‍ ലാക്കിച്ച് പെസിക്ക്, ജിങ്കാന്‍, റിനോ ആന്റോ, ലാല്‍ റുവാത്താര എന്നിവര്‍ പ്രതിരോധം ഭദ്രമാക്കും. കളിമെനയാന്‍ മധ്യനിരയില്‍ അരാട്ട ഇസുമി, മിലന്‍ സിങ്ങ്, പെകൂസന്‍ എന്നിവരാണുള്ളത്. ദിമിറ്റര്‍ ബെര്‍ബറ്റോവ്, ഇയാന്‍ ഹ്യൂം, സികെ വിനീത് എന്നിവര്‍ക്കാണ് മുന്നേറ്റത്തിനുള്ള ചുമതല.

© 2024 Live Kerala News. All Rights Reserved.