തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐഎം-സിപിഐ തര്‍ക്കം മുറുകിയിരിക്കെ ആകെ അസ്വസ്ഥനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയിലെ പാര്‍ട്ടി ഓഫീസില്‍ സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയ മുഖ്യമന്ത്രി ഇത് പ്രകടിപ്പിക്കുകയും ചെയ്തു.
ഉള്ളിലുള്ള അമര്‍ഷം മുഴുവന്‍ മുഖ്യമന്ത്രി തീര്‍ത്തത് മാധ്യമപ്രവര്‍ത്തകരോടാണ്. വിഷയത്തില്‍ പ്രതികരണം ആരായുന്നതിനിടെ ‘മാറി നില്‍ക്ക് അങ്ങോട്ട്’ എന്നു പറഞ്ഞ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തു. മസ്‌ക്കറ്റ് ഹോട്ടലിലെ കടക്ക് പുറത്തിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു സംഭവം.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയായിരുന്നതിനാല്‍ കൊച്ചിയിലെ പാര്‍ട്ടി ഓഫീസിന് സമീപം മാധ്യമപ്രവര്‍ത്തകരുടേയും പൊലീസിന്റേയും നീണ്ട നിരയുണ്ടായിരുന്നു. മുന്നണിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് ദേഷ്യപ്പെടുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരെ ഓഫീസിന് അകത്തു കണ്ടതോടെ മുഖ്യമന്ത്രിക്ക് ദേഷ്യം ഇരട്ടിച്ചു. മുഖ്യമന്ത്രി പൊലീസിനോടും കയര്‍ത്തു സംസാരിച്ചു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കുകയായിരുന്നു.