ഗൗരി നേഹയുടെ മരണം: പ്രതികളായ അധ്യാപികമാരെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

കൊല്ലത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. കൊല്ലം മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിലാണ് സംഭവം. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു ആക്രമണം.
കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി നേഹയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ അധ്യാപികമാരെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത്. അധ്യാപികമാരുടെ ബന്ധുക്കളാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.

മാതൃഭൂമി, മംഗളം ചാനലുകളിലെ ക്യാമറാമാന്‍മാരാണ് ആക്രമിക്കപ്പെട്ടത്. മാധ്യമപ്രവര്‍ത്തകരെ സംഘം വളഞ്ഞിട്ട് മര്‍ദ്ദിച്ചു. ക്യാമറ തകര്‍ക്കാനും ശ്രമമുണ്ടായി. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് പിടികൂടി.
കേസില്‍ പ്രതികളായ അധ്യാപികമാര്‍ക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായി ജാമ്യമെടുക്കണം, തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ഹാജരാകണം, കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ എല്ലാ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരായി ഒപ്പുവെയ്ക്കണം തുടങ്ങിയവയായിരുന്നു ഹൈക്കോടതി മുന്നോട്ടുവെച്ച ഉപാധികള്‍.

© 2024 Live Kerala News. All Rights Reserved.