പത്തു വര്‍ഷമായി നികുതി അടക്കുന്നില്ല; പി വി അന്‍വറിനെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം

പത്ത് വര്‍ഷമായി നികുതി അടക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ അന്വേഷണം. ആദായ നികുതി വകുപ്പാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ആദ്യപടിയായി എംഎല്‍എക്ക് നോട്ടീസ് അയക്കാനാണ് തീരുമാനം. ആദായ നികുതി വകുപ്പിന്റെ കോഴിക്കോട് യൂണിറ്റിനാണ് അന്വേഷണ ചുമതല.
ആസ്തിക്കനുസരിച്ചുള്ള നികുതി അന്‍വര്‍ അടയ്ക്കുന്നില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. നികുതി വരുമാനം മനപൂര്‍വം മറച്ചുവെച്ചതായും വാര്‍ഷിക വരുമാനമായി നാല് ലക്ഷം രൂപ മാത്രമാണ് കാണിച്ചിരുന്നതെന്നും വ്യക്തമായിരുന്നു. അന്‍വറിനെതിരെ നേരത്തേ പരാതി നല്‍കിയ മുരുകേഷ് നരേന്ദ്രനാണ് നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടും പരാതി നല്‍കിയത്.

രണ്ട് അമ്യൂസ്‌മെന്റ് പാര്‍ക്കുകളും നാല് വില്ല പ്രൊജക്ടുകളും അന്‍വറിനുണ്ട്. നിരവധി സ്ഥലങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടിയതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനൊന്നും കൃത്യമായി നികുതി അടയ്ക്കുന്നില്ല എന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്കിനെതിരെ നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു.

© 2024 Live Kerala News. All Rights Reserved.