‘‘ദേ പുട്ട് തുടങ്ങാന്‍ വിദേശത്ത് പോകണം ’; ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ദിലീപ് ഹൈക്കോടതിയില്‍

കൊച്ചിയില്‍ നടി കാറില്‍ ആക്രമണത്തിനിരയായ സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. തന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടിന്റെ ദുബായ് ശാഖ ഉദ്ഘാടനത്തിന് പോകാന്‍ പാസ് പോര്‍ട്ട് തിരികെ നല്‍കണമെന്ന് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഈ മാസം 29 നാണ് കടയുടെ ഉദ്ഘാടനം. ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഹണിക്കുമെന്നാണ് വിവരം.
ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം ബുധനാഴ്ചയ്ക്കകം സമര്‍പ്പിച്ചേക്കുമെന്നാണ് വിവരം. കുറ്റപത്രത്തിന്റെ കരട് നേരത്തേ തയ്യാറാക്കിയിരുന്നു. നിയമോപദേശകരുടെ നിര്‍ദ്ദേശങ്ങളള്‍ക്കനുസരിച്ചുള്ള മാറ്റങ്ങളാണ് ഇപ്പോള്‍ വരുത്തുന്നത്. ദീലിപിനെതിരെ പഴുതടച്ചുള്ള കുറ്റപത്രമാണ് ഒരുങ്ങുന്നതെന്നാണ് സൂചന.
സംഭവം നടക്കുന്ന ദിവസം ദിലീപ് ചികിത്സയിലായിരുന്നുവെന്നാണ് മൊഴി നല്‍കിയത്. ഇത് സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. എന്നാല്‍ ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ മൊഴി. ഇത് സംബന്ധിച്ച് കുറ്റപത്രത്തില്‍ അപാകതകള്‍ ഉണ്ടാകാതിരിക്കാനാണ് ദിലീപിനേയും സഹോദരനേയും വീണ്ടും ചോദ്യം ചെയ്തതെന്നാണ് ലഭിക്കുന്ന സൂചനകള്‍.

© 2024 Live Kerala News. All Rights Reserved.