പത്തൊമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി പത്ത് ദിവസം പീഡിപ്പിച്ചു ; പ്രതികളായ നാലുപേര്‍ അറസ്റ്റില്‍

പത്തൊമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി പത്തു ദിവസം കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍. രാഘവേന്ദ്ര, സാഗര്‍, മഞ്ജുരാജ്, മനോരഞ്ജന്‍ പണ്ഡിറ്റ് എന്നിവരെയാണ് ബംഗലൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376d,368,363, 504, 506 വകുപ്പുകള്‍ പ്രകാരം കൂട്ടബലാത്സംഗം, തെറ്റിദ്ധരിപ്പിച്ച് കടത്തല്‍, തട്ടിക്കൊണ്ടുപോകല്‍ എന്നിവയാണ് പ്രതികള്‍ക്കുമേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങള്‍. ഇതിനു പുറമെ കുട്ടികളോടുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.
ഒക്ടോബര്‍ 26നാണ് കോളെജ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ കാണാതാകുന്നത്. എറെ വൈകിയും പെണ്‍കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ അടുത്തും മറ്റുമായി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഒക്ടോബര്‍ 30 ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചലിലാണ് ലോഡ്ജ് മുറിയില്‍ അവശയായ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയതും പ്രതികളായ നാലുപേരെ അറസ്റ്റ് ചെയ്തതും.

ഒക്ടോബര്‍ 26ന് ക്ലാസ്സ് കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ കൂട്ടുകാര്‍ ഒരു പാര്‍ട്ടിയ്ക്ക് ക്ഷണിച്ചിരുന്നു. സുഹൃത്തിനോടൊപ്പം പാര്‍ട്ടിയ്ക്ക് പോകാമെന്ന് കരുതിയ പെണ്‍കുട്ടി വൈറ്റ്ഫീല്‍ഡ് റെയില്‍വേ സ്റ്റേഷന് സമീപം അയാളെ കാത്തുനിന്നു. പ്രതികളായ രാഘവേന്ദ്രയും സാഗറും പെണ്‍കുട്ടിയുടെ അടുത്ത് വന്ന് സുഹൃത്തിന്റെ കൂട്ടുകാരാണെന്ന് പറഞ്ഞ് സൗഹൃദം സ്ഥാപിച്ചു. സൗമ്യ സംഭാഷണത്തിലൂടെ വിശ്വാസ്യത നേടിയ ഇവര്‍ പെണ്‍കുട്ടിയെ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. 6-ാം നമ്പര്‍ മുറിയില്‍ സുഹൃത്തിനെ കാത്തിരിക്കാന്‍ പറഞ്ഞ് പുറത്ത് പോയ പ്രതികള്‍ മറ്റു രണ്ടുപേരുമായി തിരിച്ച് വരികയും പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.